പലിശനിരക്കുകൾ ഉയർത്തില്ല- ആശ്വാസ തീരുമാനവുമായി റിസർവ് ബാങ്ക്; എഎസ്എക്സ് റെക്കോർഡ് ഉയരത്തിൽ

സിഡ്നി: രാജ്യത്തെ ദശലക്ഷക്കണക്കിന് ഭവനവായ്പക്കാർക്ക് ആശ്വാസമേകി പലിശനിരക്കുകൾ മാറ്റമില്ലാതെ തുടരാൻ തീരുമാനിച്ച് ഓസ്‌ട്രേലിയൻ റിസർവ് ബാങ്ക് . ക്യാഷ് റേറ്റ് 4.35 ശതമാനമായി തന്നെ നിലനിർത്താനാണ് റിസർവ് ബാങ്കിന്റെ തീരുമാനം. തീരുമാനത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ ഓഹരി വിപണിയായ എഎസ്എക്സ് എക്കാലത്തെയും ഉയർന്ന റെക്കോർഡ് നേട്ടത്തിലെത്തി.

രാജ്യത്ത് പണപ്പെരുപ്പം കുറയുന്നുണ്ടെങ്കിലും പൂർണ്ണമായി നിയന്ത്രണവിധേയമായിട്ടില്ലെന്ന് ആർബിഎ ഗവർണർ മിഷേൽ ബുളോക്ക് വ്യക്തമാക്കി. പണപ്പെരുപ്പം ലക്ഷ്യമിട്ട തലത്തിലേക്ക് എത്തിക്കാൻ ഭാവിയിൽ പലിശനിരക്കുകൾ ഉയർത്തേണ്ടി വന്നാൽ അതിൽ നിന്നും പിന്നോട്ട് പോകില്ലെന്നും അവർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ മാസത്തെ ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ഡാറ്റ പ്രകാരം പണപ്പെരുപ്പം ജൂൺ പാദത്തിൽ 0.6 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

റിസർവ് ബാങ്കിന്റെ തീരുമാനത്തെ ട്രഷറർ ജിം ചാൽമേഴ്സ് സ്വാഗതം ചെയ്തു. ആഗോളതലത്തിൽ സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന സമയത്ത് ഇത് വലിയ ആശ്വാസമാണെന്ന് അദ്ദേഹം പറഞ്ഞു. മിഡിൽ ഈസ്റ്റിലെ യുദ്ധം വരും ദിവസങ്ങളിൽ ക്രൂഡ് ഓയിൽ വില വർദ്ധിക്കാനും ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് വെല്ലുവിളിയാകാനും സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓഹരി വിപണിയിൽ വൻ മുന്നേറ്റം: പലിശനിരക്കുകൾ ഉയർത്തില്ലെന്ന പ്രഖ്യാപനം വന്നതോടെ ഓസ്‌ട്രേലിയൻ ഓഹരി വിപണി സൂചികയായ S&P/ASX200 ഉയർന്ന റെക്കോർഡ് തൊട്ടു. യുഎസ്-ഇറാൻ സംഘർഷങ്ങളെ തുടർന്ന് ക്രൂഡ് ഓയിൽ വില ബാരലിന് 88 ഡോളറിലേക്ക് ഉയർന്നതോടെ ഊർജ്ജ മേഖലയിലെ ഓഹരികൾ മൂന്ന് ശതമാനത്തിലധികം നേട്ടമുണ്ടാക്കി. സ്വർണ്ണവില രണ്ടു മാസത്തെ ഉയർന്ന നിരക്കായ 4,430 യുഎസ് ഡോളറിലെത്തിയതും ഖനന ഓഹരികൾക്ക് കരുത്തേകി.

Leave a Reply

Your email address will not be published. Required fields are marked *