തൃശൂർ: പുുന്നയൂർക്കുളത്ത് ഡ്രൈവർ ക്യാബിനോട് ചേർന്ന് പ്രത്യേക അറയുണ്ടാക്കി കടത്താൻ ശ്രമിച്ച 67 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. കോട്ടയം അതിരമ്പുഴ മുണ്ടകൈപ്പാടം സ്വദേശി ലിന്റോ ജോസഫിനെയാണ് (39) തൃശൂർ സിറ്റി ലഹരിവിരുദ്ധ സ്ക്വാഡ് (ഡാൻസാഫ്) പിടികൂടിയത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാർച്ച് 21-ന് രാത്രി പുുന്നയൂർക്കുളം കുമാരൻപടി റോഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. പൊന്നാനി ഭാഗത്തുനിന്ന് ചാവക്കാടേക്ക് വരികയായിരുന്ന വാഹനത്തിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. പരിശോധനയിൽ ഡ്രൈവർ സീറ്റിന് പിന്നിലായി പ്രത്യേകമായി സജ്ജീകരിച്ചിരുന്ന രഹസ്യ അറയിൽ നിന്നാണ് കഞ്ചാവ് പാക്കറ്റുകൾ കണ്ടെടുത്തത്.കഞ്ചാവ് ഒഡീഷയിൽ നിന്നാണ് എത്തിച്ചതെന്ന് പോലീസ് പ്രാഥമികമായി സ്ഥിരീകരിച്ചിട്ടുണ്ട്.പ്രതി ലിന്റോ ജോസഫിനെതിരെ കടുത്തുരുത്തി, പീച്ചി, ബേക്കൽ എന്നീ പോലീസ് സ്റ്റേഷനുകളിൽ നിലവിൽ കേസുകളുണ്ട്. ഇതിൽ പീച്ചി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലഹരിക്കടത്ത് കേസിൽ വിചാരണ നടന്നുവരികയാണ്.പിടിച്ചെടുത്ത കഞ്ചാവും വാഹനവും കൂടുതൽ നിയമനടപടികൾക്കായി പോലീസിന് കൈമാറി. പ്രദേശത്തെ ലഹരി വിതരണ ശൃംഖലയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചു.
തൃശൂരിൽ വൻ കഞ്ചാവ് വേട്ട; 67 കിലോ കഞ്ചാവുമായി കോട്ടയം സ്വദേശി പിടിയിൽ

