മെൽബൺ: ഓസ്ട്രേലിയൻ മലയാളി സമൂഹത്തിനിടയിൽ സാംസ്കാരിക-സാമൂഹിക ഇടപെടലുകൾ കൊണ്ട് ശ്രദ്ധേയമായ ‘സമത ഓസ്ട്രേലിയ’യുടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. വാർഷിക പൊതുയോഗത്തിൽ വെച്ച് 13 അംഗങ്ങളടങ്ങുന്ന കമ്മിറ്റിയെ ഐക്യകണ്ഠേനയാണ് തിരഞ്ഞെടുത്തത്. ഡോ. പ്രസന്നൻ പൊങ്ങണം പറമ്പിലിനെ സംഘടനയുടെ രക്ഷാധികാരിയായി നിശ്ചയിച്ചു.
വിന്നി ബിനോയ് (പ്രസിഡന്റ്), സുനിൽ കുമാർ (സെക്രട്ടറി), അനീസ് മുഹമ്മദ് (ട്രഷറർ), സുനിൽ കേശവൻ (വൈസ് പ്രസിഡന്റ്), വിജിൻ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് പ്രധാന ഭാരവാഹികൾ. ശൈലജ വർമ്മ, ധന്യ, നിതിൻ, ആൽബർട്ട്, ശ്യാം കൃഷ്ണൻ, ദർശന പ്രകാശ്, രാജേഷ് തുടങ്ങിയവരാണ് ഭരണസമിതിയിലെ മറ്റ് അംഗങ്ങൾ.
2024 മാർച്ച് 8-ന് ലോക വനിതാ ദിനത്തിൽ രൂപീകൃതമായ സമത ഓസ്ട്രേലിയ, ചുരുങ്ങിയ കാലയളവിനുള്ളിൽ ഓസ്ട്രേലിയൻ മലയാളികൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നും ഓസ്ട്രേലിയയിൽ നിന്നുമുള്ള പ്രമുഖ നാടക പ്രവർത്തകരെ പങ്കെടുപ്പിച്ച് തുടർച്ചയായ രണ്ട് വർഷം സംഘടിപ്പിച്ച ‘പീപ്പിൾസ് തിയേറ്റർ ഫെസ്റ്റ്’, ജനകീയ നാടകോത്സവം, നാടക വർക്ക്ഷോപ്പുകൾ എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ ഇരുരാജ്യങ്ങളിലെയും സാഹിത്യ പ്രമുഖരെ അണിനിരത്തി ‘SLF’ എന്ന പേരിൽ സംഘടിപ്പിച്ച സാഹിത്യോത്സവവും വലിയ ജനപങ്കാളിത്തം ഉറപ്പാക്കി.
സാംസ്കാരിക പ്രവർത്തനങ്ങൾക്കൊപ്പം തന്നെ കുട്ടികൾക്കായുള്ള ലിറ്റിൽ ചാംപ്, ഓണം-ഈസ്റ്റർ-വിഷു-ഈദ് ആഘോഷങ്ങൾ എന്നിവയും സംഘടനയുടെ നേതൃത്വത്തിൽ നടന്നു വരുന്നു. എം.ടി. വാസുദേവൻ നായർ, എം. ജയചന്ദ്രൻ, വൈക്കം മുഹമ്മദ് ബഷീർ, പൊൻകുന്നം വർക്കി, വി.എസ്. അച്ചുതാനന്ദൻ തുടങ്ങിയ പ്രമുഖരുടെ അനുസ്മരണ പരിപാടികളും കഴിഞ്ഞ വർഷങ്ങളിൽ സംഘടിപ്പിച്ചിരുന്നു.
സാമൂഹിക സേവന രംഗത്തും സമത സജീവമാണ്. കേരള മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള ക്രൗഡ് ഫണ്ടിംഗ് ഉൾപ്പെടെയുള്ള കാരുണ്യ പ്രവർത്തനങ്ങളിൽ സംഘടന മുന്നിലുണ്ട്. പ്രവർത്തന മികവ് പരിഗണിച്ച് ലോക കേരള സഭയിലേക്കും സമതയ്ക്ക് പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്. വരും വർഷങ്ങളിലും കൂടുതൽ വിപുലമായ പരിപാടികളുമായി മുന്നോട്ട് പോകാനാണ് പുതിയ ഭരണസമിതിയുടെ തീരുമാനം.

