സിഡ്നി: സിഡ്നിയിലെ പ്രശസ്തമായ ജൂത പലഹാരക്കടയായ ‘ലോക്സ് ഇൻ എ ബോക്സ്’ (Lox in a Box) എന്ന ബേഗൽ ഷോപ്പിന് നേരെ വിദ്വേഷാക്രമണം. പാഡിംഗ്ടണിൽ ഏപ്രിൽ ഒമ്പതിന് തുറക്കാനിരിക്കുന്ന പുതിയ ഔട്ട്ലെറ്റിന്റെ ചില്ലുവാതിലിലാണ് വിദ്വേഷ ചിഹ്നമായ സ്വസ്തിക (Swastika) കൊത്തിവെച്ച നിലയിൽ കണ്ടെത്തിയത്. ഷോപ്പിന്റെ മുന്നിലെ മറകൾ നീക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം നടന്നതെന്ന് ഉടമകൾ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.
ഹോളോകോസ്റ്റ് അതിജീവിച്ച വ്യക്തിയുടെ കൊച്ചുമകളായ തനിക്ക് ഈ സംഭവം വലിയ ആഘാതമാണ് സൃഷ്ടിച്ചതെന്ന് സ്ഥാപനത്തിന്റെ ഉടമ വ്യക്തമാക്കി. “ഇന്ന് രാവിലെ എത്തിയപ്പോഴാണ് ചില്ലിൽ സ്വസ്തിക ചിഹ്നം കൊത്തിവെച്ചിരിക്കുന്നത് കണ്ടത്. ഈ പ്രവൃത്തി തന്നെ വല്ലാതെ ഉലച്ചു കളഞ്ഞുവെന്നും ഒരു ഭീരുവിന്റെ ഇത്തരം പ്രവർത്തികൾ കൊണ്ട് തങ്ങൾ തളരില്ലെന്നും” അവർ പറഞ്ഞു. വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ കെട്ടിപ്പടുത്ത ഈ സംരംഭത്തിന്റെ പ്രകാശം കെടുത്താൻ വിദ്വേഷം പ്രചരിപ്പിക്കുന്നവരെ അനുവദിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ബോണ്ടി, മാരിക്കവിൽ, കൂജി എന്നിവിടങ്ങളിൽ നിലവിൽ ശാഖകളുള്ള ലോക്സ് ഇൻ എ ബോക്സ്, ജൂത പാരമ്പര്യത്തിലുള്ള വിഭവങ്ങൾക്ക് പേരു കേട്ടതാണ്. ഈ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്വേഷം പടർത്താൻ ശ്രമിക്കുന്നവർക്ക് മുന്നിൽ വാതിലുകൾ അടയ്ക്കില്ലെന്നും നിശ്ചയിച്ച പ്രകാരം തന്നെ പുതിയ ഔട്ട്ലെറ്റ് തുറക്കുമെന്നും ഉടമകൾ വ്യക്തമാക്കി.

