പഞ്ചാബിൽ വൻ ഭീകരാക്രമണം ഒഴിവായി; രണ്ട് പാക് ഭീകരരടക്കം മൂന്ന് പേർ പിടിയിൽ

ചണ്ഡീഗഡ്: പഞ്ചാബിൽ വൻ ഭീകരാക്രമണം നടത്താനുള്ള പദ്ധതി തകർത്ത് പഞ്ചാബ് പോലീസും ജമ്മു കശ്മീർ പോലീസും സംയുക്തമായി നടത്തിയ നീക്കത്തിൽ രണ്ട് പാകിസ്ഥാൻ സ്വദേശികളായ ഭീകരരടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മലേർകോട്‌ലയിലെ സന്ദൗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഷെർവാണി കോട്ട് ഗ്രാമത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. പാക് ഭീകരരായ അബു ഗാബ, ഉസ്മാൻ എന്നിവരെയാണ് സുരക്ഷാ സേന പിടികൂടിയത്. ഇവർക്കൊപ്പം താമസിച്ചിരുന്ന ഒരാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു മയക്കുമരുന്ന് കേസിലെ അന്വേഷണത്തിനിടെ ലഭിച്ച നിർണ്ണായക വിവരമാണ് ഇവരെ പിടികൂടാൻ സഹായിച്ചത്.കഴിഞ്ഞ 15 വർഷമായി മലേർകോട്‌ലയിലെ വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. ഇത്രയും കാലം അവിടെ കഴിഞ്ഞിട്ടും പ്രദേശവാസികൾക്ക് ഇവരുടെ തീവ്രവാദ ബന്ധത്തെക്കുറിച്ച് യാതൊരു സംശയവും തോന്നിയിരുന്നില്ല.ജമ്മു കശ്മീരിലെ ലഷ്കർ-ഇ-തൊയ്ബയുമായും പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായും ഇവർക്ക് നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പഞ്ചാബിലെ പ്രധാന നഗരങ്ങളിൽ സ്ഫോടനങ്ങൾ നടത്താനായിരുന്നു ഇവരുടെ പദ്ധതി.പഞ്ചാബിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള അതിർത്തി കടന്നുള്ള തീവ്രവാദ നീക്കങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ, ഈ അറസ്റ്റ് വലിയൊരു ദുരന്തം ഒഴിവാക്കാൻ സഹായിച്ചതായി സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നു. പ്രതികളെ ജമ്മു കശ്മീർ പോലീസിന് കൈമാറി കൂടുതൽ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *