കണ്ണൂർ: നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഡോ. എം.കെ. റാമിന്റെ അറസ്റ്റിൽ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയ സാഹചര്യത്തിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സുധീർ കല്ലനെതിരെ നടപടി ശുപാർശ ചെയ്യേണ്ടിവരുമെന്ന് തലശ്ശേരി എസ്.സി./എസ്.ടി. പ്രത്യേക കോടതി മുന്നറിയിപ്പ് നൽകി.
അറസ്റ്റിന്റെ കാരണം പ്രതിയെ വാക്കാൽ അറിയിച്ചിരുന്നുവെന്നാണ് ഡിവൈഎസ്പി കോടതിയിൽ വിശദീകരിച്ചത്. എന്നാൽ, ഡിവൈഎസ്പി സമർപ്പിക്കുന്ന രേഖാമൂലമുള്ള വിശദീകരണം വിശദമായി പരിശോധിച്ച ശേഷമേ തുടർനടപടികൾ സ്വീകരിക്കൂവെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, സുപ്രീംകോടതിയുടെ നിർദേശപ്രകാരമുള്ള പുതിയ ‘ഗ്രൗണ്ട് ഓഫ് അറസ്റ്റ്’ റിപ്പോർട്ട് ഡോ. എം.കെ. റാമിന്റെ ഭാര്യയ്ക്ക് കൈമാറിയതായി അന്വേഷണസംഘം കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച രേഖകളും കോടതി പരിഗണിക്കും.

