ബ്രിസ്ബേൻ: ഇന്ധനപ്രതിസന്ധിയും യുദ്ധസാഹചര്യങ്ങളും നിലനിൽക്കെ പ്രധാനമന്ത്രി ആന്തണി ആൽബനീസി നടത്തിയ പ്രത്യേക പ്രസംഗത്തിനെതിരെ ഓസ്ട്രേലിയൻ ജനതയിൽ നിന്ന് കടുത്ത പ്രതിഷേധം. സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും പ്രധാനമന്ത്രിയുടെ വാക്കുകൾ വെറും സമയനഷ്ടമായിരുന്നു എന്നാണ് അഭിപ്രായപ്പെട്ടത്.
ഇന്ധന റേഷനിംഗ് ഉൾപ്പെടെയുള്ള നിർണ്ണായക പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രിയിൽ നിന്ന് ഉണ്ടാകുമെന്ന് കരുതിയ ജനങ്ങൾക്ക് വെറും മൂന്ന് മിനിറ്റ് നീണ്ട ഉപദേശങ്ങളാണ് ലഭിച്ചത്. ജീവിതം സാധാരണ നിലയിൽ മുന്നോട്ട് കൊണ്ടുപോകണമെന്നും ഇന്ധനം ലാഭിക്കണമെന്നും പൊതുഗതാഗതം പരമാവധി ഉപയോഗിക്കണമെന്നും മാത്രമാണ് അദ്ദേഹം പറഞ്ഞത്. ഈ വിവരങ്ങളെല്ലാം തങ്ങൾക്ക് നേരത്തെ അറിയാവുന്നതാണെന്നും പുതുതായി ഒന്നും പ്രസംഗത്തിൽ ഇല്ലായിരുന്നുവെന്നും സർവേയിൽ പങ്കെടുത്ത രണ്ടായിരത്തോളം വായനക്കാർ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ പ്രസംഗത്തോടുള്ള വായനക്കാരുടെ ചില പ്രധാന പ്രതികരണങ്ങൾ താഴെ നൽകുന്നു:
“എന്തോ വലിയ കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു എന്ന് കരുതി ദിവസം മുഴുവൻ പേടിച്ചിരിക്കുകയായിരുന്നു. എന്നാൽ കേട്ടു പഴകിയ കാര്യങ്ങൾ കേൾക്കാൻ വേണ്ടി സമയം കളയേണ്ടി വന്നതിൽ വലിയ നിരാശയുണ്ട്,” – മൈക്കൽ (WA).
“വ്യക്തതയില്ലാത്തതും നികുതിപ്പണം പാഴാക്കുന്നതുമായ ഒരു പ്രസംഗമായിരുന്നു ഇത്. പ്രശ്നങ്ങളെ നേരിടാൻ കഴിയാതെ ഒഴിഞ്ഞുമാറുകയാണ് സർക്കാർ ചെയ്തത്,” – സൂസൻ (NSW).
“ഒരു അഞ്ചു വയസ്സുകാരനോട് സംസാരിക്കുന്നത് പോലെയാണ് പ്രധാനമന്ത്രി ഞങ്ങളോട് സംസാരിച്ചത്. ശക്തമായ ഒരു നേതൃത്വത്തിന്റെ ഗുണങ്ങൾ ഒന്നും ആ പ്രസംഗത്തിൽ കണ്ടില്ല,” – നീൽ (NSW). ഇങ്ങനെയായിരുന്നു ജനങ്ങളുടെ പ്രതികരണങ്ങൾ
എന്നാൽ എല്ലാവരും പ്രസംഗത്തെ തള്ളിക്കളഞ്ഞില്ല. രാജ്യം നേരിടുന്ന പ്രതിസന്ധി മാസങ്ങളോളം നീണ്ടുനിൽക്കുമെന്ന ഓർമ്മപ്പെടുത്തൽ ആവശ്യമാണെന്നും, ജനങ്ങൾ പരിഭ്രാന്തരാകാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ചിലർ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ വാക്കുകൾ വ്യക്തവും പോസിറ്റീവും ആയിരുന്നു എന്ന് ലൂയിസ് (NSW), ഡെനിസ് (NSW) തുടങ്ങിയവർ പറഞ്ഞു.
ഇന്ധനക്ഷാമം പരിഹരിക്കാനുള്ള കൃത്യമായ കർമ്മപദ്ധതികൾ ഇല്ലാത്തത് ജനങ്ങളിൽ കൂടുതൽ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് ശേഷം പൊതുഗതാഗതം ഉപയോഗിക്കാൻ തീരുമാനിച്ചോ എന്ന ചോദ്യത്തിന് ഭൂരിഭാഗം പേരും ‘ഇല്ല’ എന്നാണ് മറുപടി നൽകിയത്. ഈ പ്രസംഗം ആത്മവിശ്വാസം നൽകുന്നതിന് പകരം തങ്ങളുടെ ആശങ്ക വർദ്ധിപ്പിക്കുകയാണ് ചെയ്തതെന്ന് വിക്ടോറിയയിൽ നിന്നുള്ള കിമ്മി പ്രതികരിച്ചു.

