ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ദേശീയ തലസ്ഥാനത്ത് കനത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി ഡൽഹിയിലുടനീളം സുരക്ഷ ശക്തമാക്കുകയും പ്രധാന സ്ഥലങ്ങളിൽ പിടികിട്ടാപ്പുള്ളികളായ 19 ഭീകരരുടെ പോസ്റ്ററുകൾ പതിക്കുകയും ചെയ്തു.
ഇന്ത്യൻ മുജാഹിദിൻ, അൽ ഖ്വയ്ദ, വിവിധ ഖാലിസ്ഥാൻ സംഘടനകളുമായി ബന്ധമുള്ളവരാണ് പോസ്റ്ററുകളിലുള്ളത്. പൊതുജനങ്ങളിൽ അവബോധം വളർത്താനും ഒളിവ് ജീവിതം നയിക്കുന്ന പ്രതികളെക്കുറിച്ച് വിവരം ലഭ്യമാക്കാനും ഇത് സഹായകമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. സ്വാതന്ത്ര്യദിനത്തിനും റിപ്പബ്ലിക് ദിനത്തിനും മുന്നോടിയായി രാജ്യത്തിന് ഭീഷണിയായേക്കാവുന്ന തീവ്രവാദികളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് പതിവ് സുരക്ഷാ നടപടികളുടെ ഭാഗമാണെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്റലിജൻസ് മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഊർജ്ജിതമാക്കിയത്. ഓഗസ്റ്റ് 15-ന് നടക്കുന്ന ആഘോഷ പരിപാടികൾക്കായി ഡൽഹി പൊലീസിലെയും അർധസൈനിക വിഭാഗങ്ങളിലെയും 15,000 മുതൽ 20,000 വരെ ഉദ്യോഗസ്ഥരെ വിന്യസിക്കും. ചെങ്കോട്ടയിലും പരിസര പ്രദേശങ്ങളിലുമായി മുഖം തിരിച്ചറിയൽ സംവിധാനമുള്ള (Facial Recognition) ക്യാമറകൾ ഉൾപ്പെടെ ആയിരത്തോളം സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ചെങ്കോട്ടയ്ക്കുള്ളിൽ സജ്ജീകരിച്ച ഹൈടെക് സിസിടിവി കൺട്രോൾ റൂം കേന്ദ്രീകരിച്ച് വിദഗ്ധ സംഘം 24 മണിക്കൂറും നിരീക്ഷണം നടത്തും.
ഡൽഹിയിലുടനീളമുള്ള ഹോട്ടലുകൾ, ഗസ്റ്റ് ഹൗസുകൾ, ലോഡ്ജുകൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കി. സന്ദർശക രജിസ്റ്ററുകൾ, കമ്പ്യൂട്ടറൈസ്ഡ് ഗസ്റ്റ് വെരിഫിക്കേഷൻ സിസ്റ്റങ്ങൾ, മറ്റ് രേഖകൾ എന്നിവ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സെക്കൻഡ് ഹാൻഡ് കാർ ഡീലർഷിപ്പുകൾ, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ, പാർക്കിങ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും പരിശോധന തുടരുകയാണ്. തിരക്കേറിയ സ്ഥലങ്ങളിൽ ബോംബ് ഡിസ്പോസൽ സ്ക്വാഡ് അടക്കമുള്ള സംവിധാനങ്ങളെ ഉപയോഗിച്ച് പരിശോധന നടത്തുന്നതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

