പട്രോളിങിനിടെ സംശയം; ചോദ്യം ചെയ്യലിൽ പൊളിഞ്ഞത് ജ്വല്ലറികൾ കൊള്ളയടിക്കാനുള്ള വൻ പദ്ധതി; മൂന്നംഗ സംഘം പിടിയിൽ

പാലക്കാട്: ജ്വല്ലറികൾ കേന്ദ്രീകരിച്ച് കവർച്ച നടത്താനുള്ള ശ്രമത്തിനിടെ മൂന്ന് പേർ പിടിയിൽ. വടക്കഞ്ചേരിയിൽ വച്ചാണ് മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ ആലക്കോട് നെല്ലിക്കുന്ന് സ്വദേശി തങ്കച്ചൻ, അഞ്ചുമൂർത്തിമംഗലം ചെറാട്ടുപറമ്പ് സ്വദേശി വിഷ്ണുരാജ്, വടക്കഞ്ചേരി പ്രധാനി സ്വദേശി സഫർ എന്നിവരാണ് പിടിയിലായത്.

ശനിയാഴ്ച രാത്രി പൊലീസ് പട്രോളിങിനിടെ സംഘത്തെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതാണ് വഴിത്തിരിവായത്. തുടർന്ന് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ പഴയന്നൂരിലും വടക്കഞ്ചേരിയിലുമുള്ള ജ്വല്ലറികൾ കുത്തിത്തുറന്ന് മോഷണം നടത്താനായിരുന്നു പദ്ധതിയെന്ന് ഇവർ സമ്മതിച്ചു. പ്രതികളിൽ നിന്ന് മോഷണ ഉപകരണങ്ങളും ഗ്ലൗസ്, തൊപ്പി എന്നിവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

നിരവധി കേസുകളിൽ പ്രതികളായ മൂവരും ജയിലിൽ വെച്ചാണ് പരിചയപ്പെട്ടത്. രണ്ടാഴ്ച മുമ്പ് ഇവർ തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ ജ്വല്ലറി, ബേക്കറി, തുണിക്കട എന്നിവിടങ്ങളിൽ മോഷണം നടത്തിയിരുന്നു. പ്രധാന പ്രതിയായ തങ്കച്ചന് കേരളത്തിലും തമിഴ്നാട്ടിലുമായി ഇരുപതോളം മോഷണക്കേസുകളുണ്ട്. വിഷ്ണു രാജിന്റെ പേരിൽ വഞ്ചനാകേസുകളും സഫറിന്റെ പേരിൽ ദേശീയപാതയിലെ വാഹനക്കവർച്ച, പൊലീസിനെ ആക്രമിച്ച കേസ് എന്നിവയുമുണ്ട്. പൊള്ളാച്ചിയിലെ മോഷണക്കേസിന്റെ അന്വേഷണ ഭാഗമായി വടക്കഞ്ചേരി പൊലീസ് പ്രതികളെ തമിഴ്നാട് പൊലീസിന് കൈമാറി

Leave a Reply

Your email address will not be published. Required fields are marked *