പെർത്ത്: വെസ്റ്റേൺ ഓസ്ട്രേലിയയിലെ ജനങ്ങൾ പലിശനിരക്ക് വർദ്ധനവിനേക്കാൾ കൂടുതൽ ആശങ്കപ്പെടുന്നത് കുതിച്ചുയരുന്ന ഇന്ധനവിലയെക്കുറിച്ചാണെന്ന് പുതിയ സർവേ റിപ്പോർട്ട്. സാമ്പത്തിക അനിശ്ചിതത്വം കാരണം മൂന്നിലൊന്ന് വിനോദസഞ്ചാരികളും തങ്ങളുടെ ഈസ്റ്റർ യാത്രാ പ്ലാനുകൾ റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്തതായും സർവേ വ്യക്തമാക്കുന്നു.
2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് നിലവിൽ ജനങ്ങളുടെ ആത്മവിശ്വാസമെന്ന് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡബ്ല്യു.എ (CCIWA) ചീഫ് എക്സിക്യൂട്ടീവ് വിൽ ഗോൾസ്ബി പറഞ്ഞു. സർവേയിൽ പങ്കെടുത്തവരിൽ 63 ശതമാനം പേരും ഇന്ധനച്ചെലവാണ് തങ്ങളെ ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. പലിശനിരക്ക് വർദ്ധനവിനെ ഭയപ്പെടുന്നത് 27 ശതമാനം പേർ മാത്രമാണ്.
യാത്രാ പ്ലാനുകൾ വെട്ടിക്കുറയ്ക്കുന്നതിനൊപ്പം, 80 ശതമാനം ആളുകളും അനാവശ്യ ചിലവുകൾ ഒഴിവാക്കി പണം ലാഭിക്കാൻ ശ്രമിക്കുകയാണ്. ഇത് ഈസ്റ്റർ സീസണിൽ പ്രാദേശിക ടൂറിസം, ബിസിനസ് മേഖലകളെ സാരമായി ബാധിക്കും. ഗതാഗതച്ചെലവ്, വൈദ്യുതി നിരക്ക് തുടങ്ങിയവയിൽ സർക്കാർ ഇളവുകൾ നൽകണമെന്ന് ഗോൾസ്ബി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് മത്സ്യത്തിനും മാംസത്തിനും പച്ചക്കറികൾക്കും മുൻപെങ്ങുമില്ലാത്ത വിധം വില വർദ്ധിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ബേസിൽ സെമ്പിലാസ് കുറ്റപ്പെടുത്തി. എന്നാൽ വരാനിരിക്കുന്ന ബജറ്റിൽ ജനങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനുള്ള നടപടികൾക്ക് മുൻഗണന നൽകുമെന്ന് ട്രഷറർ റീത്ത സാഫിയോട്ടി ഉറപ്പുനൽകി.
ഇന്ധനപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ ഇന്നലെ അടിയന്തര അധികാരം (Emergency Powers) പ്രയോഗിച്ചു. ബി.പി (BP), വിവാ (Viva), ഷെവ്റോൺ (Chevron), മൊബീൽ (Mobil), യുണൈറ്റഡ് (United), ആംപോൾ (Ampol) എന്നീ ആറ് പ്രമുഖ കമ്പനികളോടാണ് തങ്ങളുടെ പക്കലുള്ള ഇന്ധനശേഖരത്തെയും വിതരണത്തെയും കുറിച്ചുള്ള ‘രഹസ്യ വിവരങ്ങൾ’ കൈമാറാൻ ഊർജ്ജ മന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്.
വിവരങ്ങൾ കൈമാറാൻ വിമുഖത കാണിക്കുന്ന കമ്പനികൾക്ക് പ്രതിദിനം ഒരു ലക്ഷം ഡോളർ വരെ പിഴ ചുമത്താൻ നിയമം വ്യവസ്ഥ ചെയ്യുന്നു. നിലവിൽ നാല് കമ്പനികൾ വിവരങ്ങൾ നൽകാൻ തയ്യാറായെങ്കിലും രണ്ട് കമ്പനികൾ ഇനിയും സഹകരിച്ചിട്ടില്ല. ഇവർക്ക് നാളെ വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. കമ്പനികൾ സഹകരിക്കുന്നുണ്ടെങ്കിലും സുതാര്യത ഉറപ്പാക്കാൻ കർശന നടപടി ആവശ്യമാണെന്ന് പ്രീമിയർ റോജർ കുക്ക് വ്യക്തമാക്കി

