കംപാല: ഉഗാണ്ടൻ തലസ്ഥാനമായ കംപാലയിൽ നഴ്സറി സ്കൂളിലുണ്ടായ ക്രൂരമായ ആക്രമണത്തിൽ നാല് കുട്ടികൾ കൊല്ലപ്പെട്ടു. സ്കൂളിൽ അതിക്രമിച്ചു കയറിയ ആയുധധാരിയായ ഒരാൾ കുട്ടികളെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഒരു കുട്ടിയുടെ പിതാവാണെന്ന വ്യാജേനയാണ് അക്രമി നഴ്സറി സ്കൂളിലെത്തിയത്. സ്കൂളിനുള്ളിൽ പ്രവേശിച്ച ഉടൻ ഇയാൾ ഗേറ്റ് അകത്തുനിന്നും പൂട്ടി. തുടർന്ന് കൈവശമുണ്ടായിരുന്ന മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുട്ടികളെ ഓരോരുത്തരെയായി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് വക്താവ് അറിയിച്ചു.
ഏകദേശം 30 ലക്ഷത്തോളം ആളുകൾ താമസിക്കുന്ന കംപാല നഗരത്തിൽ ഇത്തരത്തിലുള്ള അതിക്രമങ്ങൾ വളരെ വിരളമാണെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി.കുട്ടികൾക്കെതിരെയുണ്ടായ ഈ ദാരുണ സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. സ്കൂളുകളുടെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് വലിയ ആശങ്കകൾക്കും ഈ സംഭവം കാരണമായിട്ടുണ്ട്.

