ടെഹ്‌റാൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനെ പടിഞ്ഞാറൻ നഗരമായ കരാജുമായി ബന്ധിപ്പിക്കുന്ന പ്രശസ്തമായ പാലം യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ തകർന്നു. മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും ഉയരം കൂടിയ പാലങ്ങളിൽ ഒന്നായി അറിയപ്പെടുന്ന ഇത് ഭാഗികമായാണ് തകർന്നത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ആക്രമണത്തെത്തുടർന്ന് പ്രദേശത്ത് നിന്ന് കനത്ത പുക ഉയരുന്നതിന്റെയും പാലം തകരുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇത് ഇറാന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ തിരിച്ചടിയാണ്.
“ഇറാനിലെ ഏറ്റവും വലിയ പാലം ഇടിഞ്ഞുവീഴുന്നു. ഇത് ഇനി ഒരിക്കലും ഉപയോഗിക്കില്ല,” എന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചു. വളരെ വൈകുന്നതിന് മുമ്പ് ഇറാൻ ഒരു സമാധാന കരാറിൽ ഏർപ്പെടണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ഇറാനെ ‘ശിലായുഗത്തിലേക്ക് തിരികെ കൊണ്ടുപോകും’ എന്ന ട്രംപിന്റെ കടുത്ത മുന്നറിയിപ്പിന് പിന്നാലെയാണ് ഈ ആക്രമണം നടന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

