ലക്നൗ: ഉത്തർപ്രദേശിലെ ഹമീർപൂരിൽ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയുടെ മുഖം കടിച്ചുകീറി ഭർത്താവിന്റെ ക്രൂരത. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പാന ഫൂൽ എന്ന യുവതിയെ ആശുപത്രിയിൽ പ്രവേശിച്ചു. യുവതിയുടെ മൂക്കിനും കവിളിനും കടിയേറ്റതിനെത്തുടർന്ന് മുഖത്ത് പത്തോളം തുന്നലുകൾ വേണ്ടിവന്നു.
ഹമീർപൂർ ജില്ലയിൽ താമസിക്കുന്ന ദമ്പതികൾ തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം നടന്ന തർക്കത്തിനിടെ പ്രകോപിതനായ ഭർത്താവ് യുവതിയെ ശാരീരികമായി ഉപദ്രവിക്കുകയും മൂക്കിലും കവിളിലും കടിച്ചെടുക്കുകയുമായിരുന്നു.
രക്തം വാർന്ന നിലയിൽ യുവതിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. പരിക്കുകൾ സാരമായതിനാൽ യുവതിയുടെ മുഖത്ത് പത്ത് തുന്നലുകൾ ഇട്ടിട്ടുണ്ട്.
യുവതിയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയതായും ഉടൻ തന്നെ ഇയാളെ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

