തിരുവനന്തപുരം: കേരളത്തിൽ സ്ത്രീ സുരക്ഷ ഇല്ലാതായിരിക്കുകയാണെന്നും ലൗ ജിഹാദ് പോലുള്ള ഗൗരവതരമായ വിഷയങ്ങളിൽ സംസ്ഥാന സർക്കാർ നിസംഗത പാലിക്കുകയാണെന്നും മുൻ ഡി.ജി.പി ആർ. ശ്രീലേഖ. വട്ടിയൂർക്കാവ് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായ അവർ ശാസ്തമംഗലത്ത് നടന്ന ‘ബ്രഞ്ച് വിത്ത് ശ്രീലേഖ’ എന്ന പരിപാടിയിൽ സംസാരിക്കവെയാണ് സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.
സംസ്ഥാനത്ത് ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും എന്നാൽ സർക്കാർ ഈ വിഷയത്തിൽ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും ശ്രീലേഖ ആരോപിച്ചു. ഇത് സ്ത്രീകളുടെ സുരക്ഷയെ വലിയ രീതിയിൽ ബാധിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.ഉയർന്ന പോലീസ് ഉദ്യോഗസ്ഥയായിരുന്ന തനിക്ക് പോലും ഔദ്യോഗിക ജീവിതത്തിൽ ദുരനുഭവങ്ങൾ ഉണ്ടായപ്പോൾ സഹായം ലഭിച്ചില്ലെന്ന് അവർ വെളിപ്പെടുത്തി. രാഷ്ട്രീയ അനുമതിയില്ലാതെ ഡി.ജി.പിക്ക് പോലും നീതിക്കൊപ്പം നിൽക്കാൻ സാധിക്കാത്ത അവസ്ഥയാണെന്ന് അവർ കുറ്റപ്പെടുത്തി.
അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം ശ്രീലേഖ പ്രസംഗത്തിൽ പരാമർശിച്ചു. അവരെ സ്വന്തം വീട്ടിൽ പൂട്ടിയിട്ടു എന്നും, പോലീസിന്റെ പരാതി സെല്ലിൽ നേരിട്ട് വിളിച്ചറിയിച്ചിട്ടും സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും അവർ ആഞ്ഞടിച്ചു.സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലാണെന്നും സ്ത്രീകൾക്ക് ഭയരഹിതമായി ജീവിക്കാൻ സാധിക്കുന്നില്ലെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയിലെ ഈ പരാമർശങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

