ആദിവാസി സമൂഹത്തിന്റെ അറിവുകൾ ഉപയോഗപ്പെടുത്തി മനുഷ്യ-വന്യമൃഗ സംഘർഷം ലഘൂകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ

ഇടുക്കി: ആദിവാസി സമൂഹത്തോളം കാടിനെ അറിയുന്ന മറ്റാരുമില്ലെന്നും ഈ അറിവ് മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാനും വനപരിപാലനത്തിനും ഉപയോഗപ്പെടുത്തുമെന്നും മന്ത്രി ഷിബു ബേബി ജോൺ. മുടങ്ങിപ്പോയ ടൈഗർ മ്യൂസിയം പുനരുദ്ധീകരിക്കുന്നതിന് 20 കോടി ഉൾപ്പെടെ കുമളി ഇക്കോ ടൂറിസം വികസനത്തിന് 50 കോടിയുടെ പ്രൊപ്പോസൽ കേന്ദ്ര സർക്കാരിന് സമർപ്പിക്കും. ആദിവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കി പരിഹാരം കാണുന്നതിനായി വനം വകുപ്പ് ആവിഷ്കരിച്ച ഊരുണർവ് പദ്ധതിയുടെ ഭാഗമായി മന്നാൻ, പളിയ ഊരുകളിലെ നിവാസികളുമായി ആശയവിനിമയം നടത്തുകയായിരുന്നു മന്ത്രി.

ടൂറിസവുമായി ബന്ധപ്പെടുത്തി ആദിവാസി സമൂഹത്തിന് കൂടുതൽ വരുമാനം ഉറപ്പാക്കുന്ന വിധത്തിലായിരിക്കും പദ്ധതി ആവിഷ്കരിക്കുക. പരമ്പരാഗത അറിവുകൾ ആദിവാസ സമൂഹത്തിൽ നിന്നു തന്നെ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. ഇവ ഡോക്യുമെന്റ് ചെയ്യപ്പെടണം. വനവുമായും വനം വകുപ്പിന്റെ ഇക്കോ ടൂറിസം പദ്ധതിയുമായും ബന്ധപ്പെട്ട് ആദിവാസി സമൂഹത്തിലെ യുവജനങ്ങൾക്ക് തൊഴിൽ ഉറപ്പാക്കും. ഓരോ ഊരും സന്ദർശിച്ച് വ്യത്യസ്തമായ പ്രശ്നങ്ങൾ എന്തൊക്കെ എന്ന് മനസ്സിലാക്കി അതിന് പരിഹാരം തേടുക എന്നതാണ് സർക്കാർ നയം. മുഖ്യമന്ത്രി അധ്യക്ഷനായിട്ടുള്ള വൈൽഡ് ലൈഫ് ബോർഡിൽ ആദ്യമായി ആദിവാസി സമൂഹത്തിൽ നിന്ന് മന്നാൻ സമൂഹത്തിലെ രാജാവ് രാമൻ രാജ മന്നാൻ, നിലമ്പൂർ ചോലനായ്ക്ക സമൂഹത്തിലെ വിനോദ് എന്നിവരെ ഉൾപ്പെടുത്തിയ വിവരവും മന്ത്രി അറിയിച്ചു.

ഊരുകളിൽ ചിലയിടങ്ങളിൽ കുടിവെള്ള പ്രശ്നം നിലനിൽക്കുന്നുണ്ട്. ഇതിന് പരിഹാരം കാണും. ഊരുകളിലേക്കുള്ള റോഡുകൾ അറ്റകുറ്റപ്പണി ചെയ്യുമെന്നും വഴിവിളക്കുകൾ സ്ഥാപിക്കുമെന്നും ഊരുനിവാസികളുടെ ആവശ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു. മുളയുടെ കുറവുമൂലം ചങ്ങാടങ്ങൾ നിർമ്മിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മത്സ്യബന്ധന ഇ.ഡി. സികൾക്ക് ഫൈബർ ബോട്ട് നൽകുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഊരുണർവിന്റെ ഭാഗമായുള്ള മന്ത്രിയുടെ രണ്ടാമത്തെ ഊരു സന്ദർശനമാണിത്. ആദ്യം നടത്തിയ നിലമ്പൂർ യാത്ര അനന്തമായ സാദ്ധ്യതകളാണ് തുറന്നു നൽകിയത്. വനസംരക്ഷണത്തെ പറ്റിയുള്ള അറിവ് ആദിവാസി സമൂഹത്തിലെ പോലെ മറ്റാർക്കുമില്ല. ഔദാര്യമല്ല, അവകാശമാണ് ആദിവാസി സമൂഹത്തിന്റെ ആവശ്യങ്ങൾ എന്നും മന്ത്രി പറഞ്ഞു. തേക്കടിയിൽ വിവിധ ഇ.ഡി.സി.കൾ വഴി 200ത്തോളം പേർക്ക് താൽക്കാലിക തൊഴിലും 43 പേർക്ക് വാച്ചർമാരായി സ്ഥിരം ജോലിയും ലഭിച്ചിട്ടുണ്ട്.

മനുഷ്യ-വന്യജീവി സംഘർഷം ഈ മേഖലകളിൽ കുറവാണെന്നും ഇഡിസികൾ രൂപീകരിച്ചതു മുതൽ ഇടനിലക്കാരുടെ ചൂഷണം പൂർണമായും ഇല്ലാതായെന്നും വനം വകുപ്പ് വലിയ കൈത്താങ്ങാണ് നൽകുന്നതെന്നും മാന്നാൻ സമുദായത്തെ പ്രതിനിധീകരിച്ച് ഷാജി പനയൻ, ബിജു റ്റി എന്നിവർ അറിയിച്ചു. വാച്ചർ ജോലികളിൽ വനിതകളെയും പരിഗണിക്കണമെന്ന് സുനിത ആവശ്യപ്പെട്ടു. കോവിൽമല ടൂറിസം പ്രോജക്ട് നടപ്പാക്കണമെന്ന് കോഴിമല രാജാവ് രാമൻ രാജമന്നൻ ആവശ്യപ്പെട്ടു.

ചടങ്ങിൽ പരിസ്ഥിതി പ്രവർത്തകനും വനസംരക്ഷകനുമായ അരുവിയെ മന്ത്രി ആദരിച്ചു. പതിനഞ്ച് സ്വാശ്രയ സംഘങ്ങൾ നടത്തുന്ന വൻ ധൻ വികാസ് കേന്ദ്ര വർക്ക് ഷോപ്പും മന്ത്രി സന്ദർശിച്ചു.മന്നാക്കുടിയിൽ പരമ്പരാഗത പാട്ടുപാടി മന്ത്രിയെ സ്വീകരിച്ചു. പളനി നൃത്തം അവതരിപ്പിച്ചാണ് പളനികുടിയിൽ മന്ത്രിക്ക് സ്വീകരണം നൽകിയത്. തുടർന്ന് ബാംബു ഗ്രോവിൽ നടന്ന ചടങ്ങിൽ വിവിധ ഇഡിസി അംഗങ്ങളുമായി മന്ത്രി ആശയവിനിമയം നടത്തി.

1930 നും 40 നും ഇടയിൽ പെരിയാർ ടൈഗർ റിസർവിന്റെ ഉൾപ്രദേശങ്ങളായ മ്ലാപ്പാറ, മുല്ലത്തോട്, ഉമ്മിക്കുപ്പാൻ, അരുവി, ഇരുകൂട്ടി എന്നീ സ്ഥലങ്ങളിൽ നിന്ന് മാറ്റി പാർപ്പിക്കപ്പെട്ട ഗോത്ര സമൂഹമാണ് മന്നാൻ വിഭാഗം.തമിഴ് ഭാഷയോടും ആചാരങ്ങളോടും ഏറെ ബന്ധപ്പെട്ട സംസ്കാരവും ജീവിത രീതിയുമുള്ള പളിയ സമൂഹം തമിഴ്നാട്ടിലെ പളനി, മധുര എന്നീ സ്ഥലങ്ങളിൽ നിന്ന് കുടിയേറി പാർത്തവരാണ്. പെരിയാർ ടൈഗർ റിസർവിനുള്ളിലെ വെള്ളിമല, മണലാർ, താമര, പൂവരശ്, കിഴങ്ങുപാറ, കരിഞ്ചേമ്പ് എന്നീ സ്ഥലങ്ങളിൽ താമസിച്ചിരുന്ന ഇവർ ഉപജീവനത്തിനായി വനത്തിനുള്ളിൽ നിന്നും തേൻ ശേഖരണവും മത്സ്യ ബന്ധനവും കുരുമുളക് കൃഷിയും ചെയ്തിരുന്നു. വനം വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ഇ.ഡി.സി. പ്രവർത്തനങ്ങൾ ഗോത്രജനതയ്ക്ക് മെച്ചപ്പെട്ട സാമൂഹിക സാമ്പത്തിക ഉന്നമനം ലഭിക്കുന്നതിന് കാരണമായി. ഗോത്രവർഗ യുവജനങ്ങളെ ഉൾപ്പെടുത്തി നടത്തുന്ന ടൂറിസം പ്രവർത്തനങ്ങൾ ജനങ്ങൾക്ക് വലിയ അളവിൽ ഉപജീവനത്തിന് വഴിയൊരുക്കി. നിലവിൽ 164 കുടുംബങ്ങളിലായി 450 പേർ പളിയ ഊരുകളിലും 357 കുടുംബങ്ങളിലായി 1266 പേർ മന്നാൻ ഊരുകളിലും താമസിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *