നേപ്പാളിൽ കനത്ത മഴ തുടരുന്നു; പ്രളയ-മണ്ണിടിച്ചിൽ ഭീഷണി വീണ്ടും

കാഠ്മണ്ഡു: നേപ്പാളിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നതിനിടെ പ്രളയം, മണ്ണിടിച്ചിൽ, വെള്ളക്കെട്ട് എന്നിവയുടെ സാധ്യത വീണ്ടും വർധിച്ചു. പടിഞ്ഞാറൻ നേപ്പാളിൽ അടുത്ത രണ്ട് ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.

ഇന്ത്യയിലെ ഛത്തീസ്ഗഢിനും സമീപ പ്രദേശങ്ങൾക്കും മുകളിലുള്ള ന്യൂനമർദം പടിഞ്ഞാറോട്ട് നീങ്ങി നേപ്പാളിനെ സ്വാധീനിക്കുമെന്നാണ് അധികൃതർ അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോശി, ബാഗ്മതി, ഗണ്ഡകി, ലുംബിനി പ്രവിശ്യകളിലെ വിവിധയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചു. പാല്പയിലെ അർച്ചലെ കാലാവസ്ഥാ കേന്ദ്രത്തിൽ 140 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി.

തുടർച്ചയായ മഴയെ തുടർന്ന് നദികളിൽ ജലനിരപ്പ് ഉയരാനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ബാഗ്മതി, ഗണ്ഡകി, ലുംബിനി, കർണാലി, സുദുർപശ്ചിം മേഖലകളിലാണ് അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യത.

സെപ്റ്റംബർ 28 മുതൽ കാലാവസ്ഥയിൽ ക്രമേണ പുരോഗതിയുണ്ടാകുമെന്നാണ് നിലവിലെ പ്രവചനം. കനത്ത മഴ മുന്നറിയിപ്പുള്ള മേഖലകളിൽ അനാവശ്യ യാത്രകൾ ഒഴിവാക്കാനും മുൻകരുതലുകൾ സ്വീകരിക്കാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *