തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി നടൻ രവീന്ദ്രനെ സർക്കാർ നിയമിച്ചു. നടിയും സാംസ്കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയർപേഴ്സൺ. നിയമനം സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
സിനിമയുടെ കലാപരവും സാങ്കേതികവുമായ മേഖലകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനാണ് പുതിയ നേതൃത്വത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സർക്കാർ അറിയിച്ചു. ചലച്ചിത്രമേളകളുടെ നടത്തിപ്പിലും സിനിമാ വിദ്യാഭ്യാസ രംഗത്തും രവീന്ദ്രനുള്ള പ്രവർത്തനപരിചയം നിയമനത്തിൽ പരിഗണിച്ചതായും സർക്കാർ വ്യക്തമാക്കി.
നടൻ സലിം ഹസ്സനും യുവ സംവിധായകൻ ജോഫിൻ ടി. ചാക്കോയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാകും. ദീപു കരുണാകരൻ, വൈക്കം വിജയലക്ഷ്മി, എം.വി. ഗിരീഷ്കുമാർ, ബി. രാകേഷ്, സജീവൻ അന്തിക്കാട്, സക്കരിയ, ആർ.എസ്. പണിക്കർ, ധർമ്മജൻ ബോൾഗാട്ടി, വാഴൂർ ജോസ്, എ. കബീർ, സാബു ശങ്കർ, ഷെർഗ സന്ദീപ്, അബ്ദുൽ ഹനാൻ എന്നിവരടങ്ങുന്ന ജനറൽ കൗൺസിലും പുനഃസംഘടിപ്പിച്ചു.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേള (IDSFFK) തിരുവനന്തപുരത്ത് സെപ്റ്റംബർ 25 മുതൽ 30 വരെ നടക്കുന്നതിനിടെയാണ് പുതിയ ഭാരവാഹികളുടെ നിയമനം.

