ഇറാൻ വിഷയത്തിൽ താൽക്കാലിക വെടിനിർത്തലല്ല, ശാശ്വത സമാധാനം വേണം: യുഎഇ നയതന്ത്ര ഉപദേഷ്ടാവ്

ദുബായ്: ഇറാൻ വിഷയത്തിൽ ഏതാനും മാസങ്ങൾക്കുശേഷം വീണ്ടും സംഘർഷം ഉണ്ടാകുന്ന തരത്തിലുള്ള താൽക്കാലിക വെടിനിർത്തലല്ല, ദീർഘകാലം നിലനിൽക്കുന്ന സമാധാനമാണ് ആവശ്യമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്. ഒരു ഇംഗ്ലീഷ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

മൂന്നോ നാലോ മാസത്തിനുശേഷം വീണ്ടും ആക്രമണങ്ങൾ ആരംഭിക്കുന്ന തരത്തിലുള്ള പരിഹാരം കൊണ്ട് പ്രശ്നം അവസാനിക്കില്ലെന്ന് ഗർഗാഷ് പറഞ്ഞു. മേഖലയിൽ ദീർഘകാലം നിലനിൽക്കുന്ന സമാധാനാന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യമാകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

വാഷിംഗ്ടണും ഇറാനും തമ്മിൽ നടക്കുന്ന ചർച്ചകൾക്കു സമാനമായി ഗൾഫ് രാജ്യങ്ങളും ഇറാനും തമ്മിൽ സമാധാന ചർച്ചകൾ നടത്തേണ്ടതുണ്ടെന്നും ഗർഗാഷ് ആവശ്യപ്പെട്ടു. ഇറാനുമായുള്ള ഭാവി ബന്ധത്തിൽ വ്യാപാരം, വ്യോമയാനം, കപ്പൽഗതാഗതം എന്നിവയ്ക്കപ്പുറം ആക്രമണമില്ലായ്മ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം നേരത്തെയും വ്യക്തമാക്കിയിരുന്നു.

ഇറാനും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള വിശ്വാസത്തിന് സംഘർഷം വലിയ തിരിച്ചടി നൽകിയിട്ടുണ്ടെന്നും ഗർഗാഷ് പറഞ്ഞു. അതേസമയം, നയതന്ത്രത്തിലൂടെ പ്രശ്നപരിഹാരത്തിന് സാധ്യതകൾ തുറക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *