വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം രൂക്ഷമായി തുടരുന്നതിനിടയിൽ അമേരിക്കൻ പ്രതിരോധ വകുപ്പിൽ നിർണ്ണായക അഴിച്ചുപണി. യുഎസ് കരസേനാ മേധാവി ജനറൽ റാണ്ടി ജോർജിനെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പദവിയിൽ നിന്ന് പുറത്താക്കി.ഔദ്യോഗിക കാലാവധി തീരാൻ ഒരു വർഷത്തിലധികം ബാക്കിനിൽക്കെയാണ് ജനറൽ റാണ്ടി ജോർജിനോട് ഉടൻ വിരമിക്കാൻ പ്രതിരോധ സെക്രട്ടറി ആവശ്യപ്പെട്ടത്. 2023 ഓഗസ്റ്റ് മുതൽ അദ്ദേഹം ഈ പദവിയിലുണ്ട്.
ഇറാനുമായുള്ള യുദ്ധം അഞ്ചാം വാരത്തിലേക്ക് കടക്കുന്ന വേളയിലാണ് ഈ നീക്കം. യുദ്ധസമയത്ത് ഒരു ജനറലിനെ പുറത്താക്കുന്നത് അമേരിക്കൻ ചരിത്രത്തിൽ അത്യപൂർവ്വമായ സംഭവമാണ്.പുറത്താക്കലിന്റെ കൃത്യമായ കാരണം പെന്റഗൺ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പ്രതിരോധ സെക്രട്ടറി ഹെഗ്‌സെത്തും കരസേനാ നേതൃത്വവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ഇതിന് പിന്നിലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ട്രംപ് ഭരണകൂടത്തിന്റെ പ്രതിരോധ കാഴ്ചപ്പാടുകൾ നടപ്പിലാക്കാൻ പുതിയ നേതൃത്വം വേണമെന്ന താല്പര്യവും ഇതിന് പിന്നിലുണ്ട്.
ജനറൽ റാണ്ടി ജോർജിനൊപ്പം മറ്റ് രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെയും (ജനറൽ ഡേവിഡ് ഹോഡ്‌നെ, മേജർ ജനറൽ വില്യം ഗ്രീൻ) സ്ഥാനത്തുനിന്ന് നീക്കി. ഹെഗ്‌സെത്ത് ചുമതലയേറ്റ ശേഷം ഇതുവരെ പത്തിലധികം മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കിയിട്ടുണ്ട്. ജനറൽ ക്രിസ്റ്റഫർ ലാനീവ് കരസേനാ മേധാവിയുടെ താൽക്കാലിക ചുമതല വഹിക്കും.

