പൗരി: ഉത്തരാഖണ്ഡിലെ പൗരി ജില്ലയിൽ വീടിന് സമീപം ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരിയെ കടുവ ആക്രമിച്ചു കൊലപ്പെടുത്തി. പോഖ്‌റ ഏരിയയിലെ ഭത്കോട്ട് ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. ഹരേന്ദർ സിംഗിന്റെ മകൾ ദൃഷ്ടി റാവത്താണ് മരിച്ചത്.
വീടിന് പുറത്ത് സഹോദരിക്കും മുത്തശ്ശിക്കുമൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു ദൃഷ്ടി. ഈ സമയം പെട്ടെന്ന് എത്തിയ കടുവ കുട്ടിയെ കടിച്ചുപിടിച്ച് കാട്ടിലേക്ക് ഓടിമറയുകയായിരുന്നു.വീട്ടുകാരും ഗ്രാമവാസികളും ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ വനത്തിനുള്ളിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു.
സംഭവത്തിൽ രോഷാകുലരായ ഗ്രാമവാസികൾ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്താതെ മൃതദേഹം നീക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് പ്രതിഷേധിച്ചു. പിന്നീട് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കുടുംബത്തിന് സഹായം ഉറപ്പുനൽകിയ ശേഷമാണ് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയത്.

