ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാപ്പൂർ ജില്ലയിലുള്ള റബ്ബർ ഫാക്ടറിയിലുണ്ടായ ശക്തമായ തീപിടുത്തത്തിൽ അഞ്ച് തൊഴിലാളികൾക്ക് പരിക്കേറ്റു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ശനിയാഴ്ച പുലർച്ചെയാണ് ഫാക്ടറിയിൽ തീപിടുത്തമുണ്ടായത്. റബ്ബർ ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്ന ഭാഗത്തുനിന്നും പുക ഉയരുന്നത് കണ്ട തൊഴിലാളികൾ ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. പത്തോളം ഫയർ എഞ്ചിനുകൾ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് പ്രാഥമിക കണക്കെടുപ്പ്. ഫാക്ടറിയിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടസമയത്ത് മുപ്പതോളം തൊഴിലാളികൾ ഫാക്ടറിക്കുള്ളിൽ ഉണ്ടായിരുന്നുവെങ്കിലും ഭൂരിഭാഗം പേരും സുരക്ഷിതരായി പുറത്തെത്തി. തീപിടുത്തത്തെത്തുടർന്ന് പ്രദേശത്ത് വലിയ രീതിയിൽ പുക പടർന്നത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി.
റബ്ബർ ഫാക്ടറിയിൽ തീപിടുത്തം; അഞ്ച് തൊഴിലാളികൾക്ക് പരിക്ക്

