എട്ടാമത്തെ ഇന്ത്യൻ എൽപിജി ടാങ്കറും ഹോർമുസ് കടലിടുക്ക് കടന്നു; ‘ഗ്രീൻ സാൻവി’ സുരക്ഷിതം

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിലും ഇന്ത്യയിലേക്കുള്ള പാചകവാതക വിതരണം തടസ്സമില്ലാതെ തുടരുന്നു. ഹോർമുസ് കടലിടുക്ക് വഴി എട്ടാമത്തെ ഇന്ത്യൻ എൽപിജി ടാങ്കറായ ‘ഗ്രീൻ സാൻവി’ (Green Sanvi) സുരക്ഷിതമായി കടന്നതായി കേന്ദ്ര സർക്കാർ അറിയിച്ചു.

46,650 ടൺ എൽപിജിയുമായി വന്ന ‘ഗ്രീൻ സാൻവി’ എന്ന ടാങ്കറാണ് ശനിയാഴ്ച ഹോർമുസ് കടലിടുക്ക് പിന്നിട്ടത്. ഇതിൽ 25 ഇന്ത്യൻ ജീവനക്കാരാണുള്ളത്.ഇതിനോടകം ഏഴ് ഇന്ത്യൻ എൽപിജി ടാങ്കറുകൾ ഇതേ പാതയിലൂടെ സുരക്ഷിതമായി കടന്നുപോയിട്ടുണ്ട്. എംടി ശിവാലിക്, നന്ദാദേവി, പൈൻ ഗ്യാസ്, ജഗ് വസന്ത്, ബിഡബ്ല്യു ടൈർ (BW TYR), ബിഡബ്ല്യു എൽം (BW ELM) തുടങ്ങിയവയാണ് ഇതിനുമുമ്പ് എത്തിയ പ്രമുഖ കപ്പലുകൾ.

ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളുടെ കർശനമായ അകമ്പടിയോടെയാണ് ടാങ്കറുകൾ നീങ്ങുന്നത്. ‘ഓപ്പറേഷൻ സങ്കൽപ്പിന്റെ’ ഭാഗമായി ഒമാൻ ഉൾക്കടലിലും അറബിക്കടലിലും ഇന്ത്യൻ കപ്പലുകൾക്ക് നാവികസേന സുരക്ഷാ കവചം ഒരുക്കുന്നു.

ഹോർമുസ് കടലിടുക്കിൽ കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഇന്ധനക്കപ്പലുകൾക്ക് ഇറാൻ പ്രത്യേക അനുമതി നൽകുന്നുണ്ട്.നിലവിൽ 17 ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടലിടുക്കിന്റെ പടിഞ്ഞാറ് ഭാഗത്ത് അനുമതിക്കായി കാത്തുനിൽക്കുന്നുണ്ട്. ജഗ് വിക്രം, ഗ്രീൻ ആശ എന്നീ എൽപിജി ടാങ്കറുകളാണ് ഇനി പുറപ്പെടാനുള്ളത്.

ഇന്ത്യയുടെ പാചകവാതക ഇറക്കുമതിയുടെ ഭൂരിഭാഗവും ഹോർമുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്. യുഎസ്-ഇസ്രായേൽ നീക്കങ്ങൾ കാരണം ഈ മേഖലയിൽ കപ്പൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരുന്നു. ഈ പ്രതിസന്ധിക്കിടയിലും നാവികസേനയുടെ ഇടപെടലിലൂടെ എട്ടാമത്തെ ടാങ്കറും സുരക്ഷിതമായി കടന്നത് രാജ്യത്തിന് വലിയ ആശ്വാസമാണ്.

Leave a Reply

Your email address will not be published. Required fields are marked *