കൽപ്പറ്റ: വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട ശ്രുതിയെ വീട് നൽകാമെന്ന് പറഞ്ഞ് ടി. സിദ്ധിഖ് എംഎൽഎ വഞ്ചിച്ചെന്ന ആരോപണവുമായി സിപിഐഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് രംഗത്തെത്തി. എന്നാൽ, ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നും തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്ന കെ. റഫീഖിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ടി. സിദ്ധിഖ് വ്യക്തമാക്കി.
120 ദിവസത്തിനുള്ളിൽ വീട് നിർമ്മിച്ച് നൽകുമെന്ന് പറഞ്ഞ് ശ്രുതിയെ ടി. സിദ്ധിഖ് പറ്റിപ്പിച്ചു എന്നാണ് കെ. റഫീഖിന്റെ പ്രധാന ആരോപണം. സിദ്ധിഖിന്റെ വാഗ്ദാനം വിശ്വസിച്ച് സർക്കാർ ടൗൺഷിപ്പിൽ ലഭിക്കുമായിരുന്ന വീട് ശ്രുതി വേണ്ടെന്ന് വെച്ചു. ഇപ്പോൾ വീട് ലഭിക്കാത്തതിനാൽ ശ്രുതി വീണ്ടും സർക്കാരിന് അപേക്ഷ നൽകേണ്ടി വന്നതായും റഫീഖ് ആരോപിച്ചു.
ശ്രുതിക്ക് വീട് നൽകുമെന്ന് താൻ എവിടെയും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് ടി. സിദ്ധിഖ് പറഞ്ഞു. ശ്രുതിയുടെ കുടുംബത്തിന്റെ കണ്ണുനീർ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്നത് സിപിഐഎം ആണെന്നും അദ്ദേഹം തിരിച്ചടിച്ചു.തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ കെ. റഫീക്കിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നുംരാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും എംഎൽഎ അറിയിച്ചു.

