മെൽബൺ: മെൽബണിൽ കാണാതായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഡാൻഡെനോങ്ങിൽ താമസിക്കുന്ന രണ്ട് മക്കളുടെ അമ്മയായ ഈവ ലസ്റിനിയെയാണ് (Eva Lasrini) മെൽബണിന് തെക്ക് പടിഞ്ഞാറുള്ള ലിറ്റിൽ റിവർ എന്ന ഗ്രാമീണ മേഖലയിലെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവ് അലൻ കീസിനെ (67) പോലീസ് അറസ്റ്റ് ചെയ്തു.
മക്കളെ സന്ദർശിക്കാനായി ബാലിയിലേക്ക് പോകേണ്ടിയിരുന്ന ഈവ ബുധനാഴ്ച വിമാനത്തിൽ കയറിയില്ലെന്ന് മനസ്സിലാക്കിയ മകൾ നൽകിയ പരാതിയെത്തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. വ്യാഴാഴ്ച മുതൽ ഈവയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. അന്വേഷണത്തിനൊടുവിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് റോഡരികിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഈവയുടെ മൃതദേഹം കണ്ടെത്തി മണിക്കൂറുകൾക്കുള്ളിൽ തന്നെ മെൽബൺ എയർപോർട്ടിൽ വെച്ച് അലൻ കീസിനെ പോലീസ് പിടികൂടി. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഹോമിസൈഡ് സ്ക്വാഡ് ഇയാളെ അറസ്റ്റ് ചെയ്തത്. അലൻ കീസിനെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. ഇയാൾ കഴിഞ്ഞ ദിവസം മെൽബൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി. എന്നാണ് ഈവ കൊല്ലപ്പെട്ടതെന്നോ എവിടെ വെച്ചാണ് കൊലപാതകം നടന്നതെന്നോ ഉള്ള കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

