വാഷിംഗ്ടൺ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഉടനടി തുറക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന് കടുത്ത ഭാഷയിൽ അന്ത്യശാസനം നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ’ നടത്തിയ രൂക്ഷമായ പ്രതികരണത്തിലാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നൽകിയത്. സാധാരണ നയതന്ത്ര ഭാഷകൾക്ക് വിപരീതമായി അതീവ ഗൗരവകരമായ ശൈലിയിലാണ് ട്രംപ് ഇത്തവണ പ്രതികരിച്ചിരിക്കുന്നത്
കടലിടുക്ക് തുറക്കാതെ ഇറാൻ പ്രസിഡന്റ് അഭ്യർത്ഥിച്ച വെടിനിർത്തലിനെക്കുറിച്ച് ആലോചിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അമേരിക്കൻ പ്രസിഡന്റിന്റെ ഇത്തരത്തിലുള്ള രൂക്ഷമായ പ്രതികരണം പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധസാഹചര്യങ്ങൾ കൂടുതൽ വഷളാക്കുമെന്ന ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.പതിവ് നയതന്ത്ര മര്യാദകൾ ലംഘിച്ചുകൊണ്ടുള്ള ട്രംപിന്റെ ഈ മുന്നറിയിപ്പ് ആഗോളതലത്തിൽ തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട തർക്കം ഇതോടെ പുതിയൊരു തലത്തിലേക്ക് നീങ്ങുകയാണ്.

