ബീജിംഗ്: ലഹരിക്കടത്ത് കേസിൽ ശിക്ഷിക്കപ്പെട്ട ഫ്രഞ്ച് പൗരനെ ചൈന വധശിക്ഷയ്ക്ക് വിധേയനാക്കി. 62-കാരനായ ചാൻ താവോ ഫൂമി (Chan Thao Phoumy) എന്നയാളുടെ വധിശിക്ഷയാണ് ശനിയാഴ്ച നടപ്പാക്കിയത്. ദക്ഷിണ ചൈനയിലെ ഗുവാങ്‌ഷൂ നഗരത്തിലാണ് ശിക്ഷാ നടപടികൾ നടന്നതെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ലാവോസിൽ ജനിച്ച് പിന്നീട് ഫ്രഞ്ച് പൗരത്വം സ്വീകരിച്ച വ്യക്തിയാണ് ചാൻ താവോ ഫൂമി. വൻതോതിൽ ലഹരിമരുന്ന് നിർമ്മിക്കുകയും കടത്തുകയും ചെയ്ത കുറ്റത്തിന് 2010-ലാണ് ചൈനീസ് കോടതി ഇദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചത്.വധശിക്ഷ നടപ്പാക്കിയതിൽ ഫ്രാൻസ് കടുത്ത പ്രതിഷേധവും നടുക്കവും രേഖപ്പെടുത്തി. മാനുഷിക പരിഗണന മുൻനിർത്തി ശിക്ഷയിൽ ഇളവ് നൽകണമെന്ന് ഫ്രഞ്ച് അധികൃതർ നിരന്തരം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ചൈന അത് തള്ളുകയായിരുന്നു.
ലഹരിമരുന്ന് കേസുകളിൽ കർശനമായ നിയമങ്ങളാണ് രാജ്യം പിന്തുടരുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദേശികളെന്നോ തദ്ദേശീയരെന്നോ ഭേദമില്ലാതെ നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും ചൈന പ്രതികരിച്ചു.ലഹരിക്കടത്ത് തടയാൻ കർശന നടപടികൾ സ്വീകരിക്കുന്ന രാജ്യമാണ് ചൈന. വിദേശ പൗരന്മാരെപ്പോലും ഇത്തരം കേസുകളിൽ വധിശിക്ഷയ്ക്ക് വിധേയമാക്കുന്നത് ചൈനയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളിൽ നേരത്തെയും അസ്വാരസ്യങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.

