ഇറാൻ സൈന്യത്തിന് മുൻപേ വൈമാനികനെ രക്ഷിച്ച് അമേരിക്ക; സാഹസിക രക്ഷാപ്രവർത്തനം വിജയിച്ചു

വാഷിംഗ്ടൺ ഡി.സി: ഇറാനിൽ വെച്ച് തങ്ങളുടെ യുദ്ധവിമാനം തകർന്നുവീണതിനെത്തുടർന്ന് ശത്രുപക്ഷത്ത് കുടുങ്ങിപ്പോയ വൈമാനികനെ സാഹസികമായ ഓപ്പറേഷനിലൂടെ അമേരിക്ക രക്ഷപ്പെടുത്തി. നൂറുകണക്കിന് സൈനികരും ഡസൻകണക്കിന് യുദ്ധവിമാനങ്ങളും പങ്കെടുത്ത അസാധാരണമായ രക്ഷാപ്രവർത്തനമാണ് ഇറാനിയൻ മണ്ണിൽ നടന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച ഇറാൻ വെടിവെച്ചിട്ട എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ (F-15E Strike Eagle) യുദ്ധവിമാനത്തിലെ പൈലറ്റിനെയും വെപ്പൺ സിസ്റ്റം ഓഫീസറെയുമാണ് അമേരിക്കൻ സൈന്യം വീണ്ടെടുത്തത്.കൊഗിലുയേ ആൻഡ് ബോയർ അഹമ്മദ്, ഇസ്ഫഹാൻ, ചഹർമൽ ആൻഡ് ബക്തിയാരി എന്നീ മൂന്ന് ഇറാനിയൻ പ്രവിശ്യകൾ കേന്ദ്രീകരിച്ചായിരുന്നു തിരച്ചിൽ. കേണൽ റാങ്കിലുള്ള വൈമാനികനെ സുരക്ഷിതമായി തിരിച്ചെത്തിച്ചതായും അമേരിക്കൻ ഭാഗത്ത് ആളപായമില്ലെന്നും പ്രസിഡന്റ് ട്രംപ് സ്ഥിരീകരിച്ചു.

ഇറാനിയൻ സൈന്യം വൈമാനികനെ പിടികൂടുന്നത് തടയാൻ അമേരിക്കൻ ചാരസംഘടനയായ സി.ഐ.എ വ്യാജപ്രചാരണങ്ങൾ നടത്തിയതായി റിപ്പോർട്ടുണ്ട്. വൈമാനികനെ നേരത്തെ തന്നെ രക്ഷപ്പെടുത്തി എന്ന തരത്തിലുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാണ് ശത്രുപക്ഷത്തെ കബളിപ്പിച്ചത്.പൈലറ്റിനെ നേരത്തെ കണ്ടെത്തിയെങ്കിലും വെപ്പൺ ഓഫീസറെ കണ്ടെത്തുന്നത് ദുഷ്കരമായിരുന്നു.

വൈമാനികനെ പിടികൂടാൻ ഇറാൻ സൈന്യം 60,000 യുഎസ് ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാൽ മലനിരകളിലെ വിടവിൽ ഒളിച്ചിരുന്ന ഇദ്ദേഹത്തെ അമേരിക്കൻ പ്രത്യേക സേന കണ്ടെത്തുകയായിരുന്നു.രക്ഷാദൗത്യത്തിനിടെ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് ഇറാനിയൻ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ദൗത്യം പൂർത്തിയായത്.

Leave a Reply

Your email address will not be published. Required fields are marked *