ചണ്ഡീഗഡ്: പഞ്ചാബ് ബി.ജെ.പി ആസ്ഥാനത്തിന് പുറത്ത് നടന്ന സ്ഫോടനത്തിന്റെ ആസൂത്രകരായ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയുടെ (ISI) പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരവാദ മൊഡ്യൂളിലെ അംഗങ്ങളാണ് പിടിയിലായതെന്ന് പഞ്ചാബ് ഡി.ജി.പി ഗൗരവ് യാദവ് അറിയിച്ചു. ശനിയാഴ്ചയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം 5 മണിയോടെയാണ് ചണ്ഡീഗഡ് സെക്ടർ 37-ലെ പഞ്ചാബ് ബി.ജെ.പി ഓഫീസിന് പുറത്ത് സ്ഫോടനമുണ്ടായത്. ബൈക്കിലെത്തിയ സംഘം ഓഫീസിന് നേരെ സ്ഫോടകവസ്തു എറിയുകയായിരുന്നു. സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല.ബൽവിന്ദർ ലാൽ, ജസ്ബീർ സിംഗ്, ചരൺജിത് സിംഗ്, റൂബൽ ചൗഹാൻ, മന്ദീപ് ശർമ്മ എന്നിവരെയാണ് പഞ്ചാബ് പോലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിഭാഗവും ചണ്ഡീഗഡ് പോലീസും ചേർന്ന് പിടികൂടിയത്. ഇവരിൽ നിന്ന് ഒരു ഗ്രനേഡും പിസ്റ്റളും വെടിയുണ്ടകളും കണ്ടെടുത്തു.
പോർച്ചുഗൽ, ജർമ്മനി എന്നിവിടങ്ങളിലിരുന്ന് ഭീകരപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നവരുടെ നിർദ്ദേശപ്രകാരമാണ് ഇവർ സ്ഫോടനം ആസൂത്രണം ചെയ്തതെന്ന് പോലീസ് കണ്ടെത്തി. മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള വലിയ ഗൂഢാലോചനയാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്.സ്ഫോടനം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് എൻ.ഐ.എ (NIA), ഫോറൻസിക് സംഘങ്ങൾ പരിശോധിച്ചുവരികയാണ്.

