ഇന്ധന നികുതിയിളവിന് ഓസ്‌ട്രേലിയൻ ജനതയുടെ വൻ പിന്തുണ; രാജ്യത്ത് ഇന്ധന പ്രതിസന്ധി തുടരുന്നു

ക്യാൻബെറ: ഇന്ധനവില വർധനവ് പിടിച്ചുനിർത്താൻ ഫെഡറൽ സർക്കാർ നടപ്പിലാക്കിയ താൽക്കാലിക എക്സൈസ് ഡ്യൂട്ടി വെട്ടിക്കുറയ്ക്കലിന് ഓസ്‌ട്രേലിയൻ ജനതയുടെ വൻ പിന്തുണയെന്ന് റിപ്പോർട്ട്. ഇറാൻ യുദ്ധത്തെത്തുടർന്ന് കുതിച്ചുയർന്ന ഇന്ധനവില സാധാരണക്കാരെ ബാധിച്ച സാഹചര്യത്തിലാണ് സർക്കാർ ഈ നിർണ്ണായക തീരുമാനമെടുത്തത്. കഴിഞ്ഞ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന ഉത്തരവ് പ്രകാരം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 52.6 സെന്റിൽ നിന്ന് 26.3 സെന്റായി പകുതിയാക്കി കുറച്ചിരുന്നു.

റോയ് മോർഗൻ നടത്തിയ പുതിയ സർവേയിൽ 83 ശതമാനം ആളുകളും സർക്കാരിന്റെ ഈ തീരുമാനത്തെ അനുകൂലിക്കുന്നതായി കണ്ടെത്തി. 2,514 പേരിൽ നടത്തിയ സർവേയിൽ 37 ശതമാനം പേർ തങ്ങളുടെ പ്രദേശങ്ങളിൽ ഇന്ധനക്ഷാമം അനുഭവപ്പെടുന്നതായി റിപ്പോർട്ട് ചെയ്തു. ഇന്ധനവില വർധിച്ചതോടെ ഭൂരിഭാഗം ആളുകളും തങ്ങളുടെ യാത്രാശീലങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഏകദേശം പകുതിയോളം പേർ വാഹന ഉപയോഗം കുറച്ചപ്പോൾ, 20 ശതമാനം പേർ യാത്രാ പ്ലാനുകൾ മാറ്റിവെച്ചു. എന്നാൽ 76 ശതമാനം പേരും ഇന്ധനക്ഷാമം തങ്ങളുടെ അത്യാവശ്യ യാത്രകളെ ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി.

അതേസമയം, നികുതിയിളവ് പ്രഖ്യാപിച്ചെങ്കിലും പമ്പുകളിൽ വില കുറയാൻ സമയമെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച ശരാശരി 2.46 ഡോളറായിരുന്ന പെട്രോൾ വില വെള്ളിയാഴ്ചയോടെ 2.23 ഡോളറിലേക്ക് താഴ്ന്നു. എന്നാൽ ഡീസൽ വില ഇപ്പോഴും ലിറ്ററിന് 3 ഡോളറിന് മുകളിൽ തന്നെ തുടരുകയാണ്.

രാജ്യത്തെ ഇന്ധന ലഭ്യതയെക്കുറിച്ച് ഊർജ മന്ത്രി ക്രിസ് ബോവൻ ഇന്ന് വിശദീകരണം നൽകി. ഓസ്‌ട്രേലിയയിലുടനീളമുള്ള 238 സർവീസ് സ്റ്റേഷനുകളിൽ നിലവിൽ ഡീസൽ സ്റ്റോക്കില്ല. ഇതിൽ 145 എണ്ണവും ന്യൂ സൗത്ത് വെയ്‌ൽസിലാണ്. കൃഷി സീസൺ പ്രമാണിച്ച് കർഷകർക്ക് മുൻഗണന നൽകുന്നതിനാലാണ് ഈ കുറവെന്ന് മന്ത്രി അറിയിച്ചു. നിലവിൽ രാജ്യത്ത് 39 ദിവസത്തേക്കുള്ള പെട്രോളും, 29 ദിവസത്തേക്കുള്ള ജെറ്റ് ഇന്ധനവും ഡീസലും കരുതലുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *