മെൽബൺ: കുതിച്ചുയരുന്ന ഇന്ധനവില ഓസ്‌ട്രേലിയയിലെ ഔട്ട്‌ഡോർ എജ്യുക്കേഷൻ (സ്കൂൾ ക്യാമ്പ്) മേഖലയെ തകർച്ചയുടെ വക്കിലെത്തിക്കുന്നു. ഇന്ധനച്ചെലവ് അനിയന്ത്രിതമായി വർധിച്ചതോടെ ലക്ഷക്കണക്കിന് സ്കൂൾ കുട്ടികൾക്ക് നൽകി വരുന്ന ക്യാമ്പ് സേവനങ്ങൾ മുടങ്ങുമെന്ന ഭീതിയിലാണ് ഈ രംഗത്തെ ബിസിനസ് സ്ഥാപനങ്ങൾ. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഓസ്‌ട്രേലിയൻ ഔട്ട്‌ഡോർ കൗൺസിൽ സർക്കാരിന് തുറന്ന കത്തെഴുതി.
യാത്രാച്ചെലവ് വർധിച്ചതിനെത്തുടർന്ന് പല സ്കൂളുകളും നേരത്തെ നിശ്ചയിച്ചിരുന്ന ക്യാമ്പുകൾ റദ്ദാക്കുകയാണെന്ന് ഔട്ട്‌ഡോർ കൗൺസിൽ ഓഫ് ഓസ്‌ട്രേലിയ ചെയർ ലോറി മോഡ് പറഞ്ഞു. വിനോദസഞ്ചാരികൾ യാത്രകൾ മാറ്റിവെക്കുന്നതും റദ്ദാക്കുന്നതും പ്രാദേശിക ടൂറിസം മേഖലയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ബസ് യാത്രകൾക്കും മറ്റ് അനുബന്ധ സേവനങ്ങൾക്കും വിതരണക്കാർ 5 മുതൽ 25 ശതമാനം വരെ സർചാർജ് ഏർപ്പെടുത്തിയതായി ഔട്ട്‌ഡോർ വിക്ടോറിയ ചീഫ് എക്സിക്യൂട്ടീവ് ആൻഡ്രൂ നൈറ്റ് വ്യക്തമാക്കി. ക്യാമ്പുകളിലേക്ക് ഭക്ഷണം, ഗ്യാസ് സിലിണ്ടറുകൾ എന്നിവ എത്തിക്കുന്ന ട്രക്കുകളുടെ വാടകയും വർധിച്ചിട്ടുണ്ട്.
ഹോൾസ് ഔട്ട്‌ഡോർ എജ്യുക്കേഷൻ മാനേജിംഗ് ഡയറക്ടർ ആന്തണി ഹോളിന്റെ വാക്കുകൾ പ്രകാരം, ഇന്ധനത്തിനായി ആഴ്ചയിൽ 3,000 – 4,000 ഡോളർ ചെലവഴിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 10,000 ഡോളറിലധികം നൽകേണ്ടി വരുന്നു. ഒരു വർഷം മുൻപേ കരാറുകൾ ഒപ്പിടുന്നതിനാൽ, അധികമായി വരുന്ന ഈ വലിയ തുക സ്കൂളുകളിൽ നിന്നും ഈടാക്കാൻ ഇവർക്ക് സാധിക്കുന്നില്ല. നിലവിൽ ലാഭമില്ലാതെയാണ് പല സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്.
സ്കൂളുകൾ ഒൻപത് മാസം മുൻപേ ബജറ്റ് നിശ്ചയിക്കുന്നതിനാൽ പെട്ടെന്നൊരു തുക അധികമായി ആവശ്യപ്പെടുന്നത് പ്രായോഗികമല്ലെന്ന് ബിന്ദാരി ഔട്ട്‌ഡോർ എജ്യുക്കേഷൻ ചീഫ് എക്സിക്യൂട്ടീവ് ജെമിമ വൈലർ പറഞ്ഞു. ക്യാമ്പുകൾ നടത്തിയില്ലെങ്കിൽ ലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടം സംഭവിക്കുമെന്നതും അധികച്ചെലവ് സ്വന്തം പോക്കറ്റിൽ നിന്ന് നൽകേണ്ടി വരുന്നതും ഈ മേഖലയെ വലിയൊരു കെണിയിലാക്കിയിരിക്കുകയാണ്. ഇന്ധന പ്രതിസന്ധി നീണ്ടുനിന്നാൽ പല പ്രമുഖ ക്യാമ്പ് സേവനദാതാക്കളും ബിസിനസ് പൂട്ടേണ്ടി വരുമെന്ന ആശങ്കയിലാണ്.

