തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ട് പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാരിന്റെ പരാജയങ്ങൾ മറച്ചുവെച്ച് സ്വയം പുകഴ്ത്താനാണ് റിപ്പോർട്ടിലൂടെ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
20 ലക്ഷം പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് നൽകുമെന്ന് പ്രഖ്യാപിച്ച കെ-ഫോൺ പദ്ധതി പൂർണ്ണ പരാജയമാണെന്ന് സതീശൻ പറഞ്ഞു. വെറും ആറായിരത്തോളം കുടുംബങ്ങൾക്ക് മാത്രമാണ് ഇതുവരെ കണക്ഷൻ നൽകാനായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശീയപാത വികസനം സർക്കാരിന്റെ വലിയ നേട്ടമായി റിപ്പോർട്ടിൽ അവതരിപ്പിക്കുന്നുണ്ടെങ്കിലും, സ്ഥലമേറ്റെടുപ്പിന് കൂടുതൽ തുക അനുവദിച്ചത് യുപിഎ സർക്കാരാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നിലവിലെ നിർമ്മാണത്തിലെ അശാസ്ത്രീയത കാരണം റോഡുകളിൽ വിള്ളലുകൾ രൂപപ്പെടുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
ഇടുക്കി, വയനാട് ജില്ലകൾക്കായി പ്രഖ്യാപിച്ച പ്രത്യേക പാക്കേജുകൾ നടപ്പിലാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു.റിപ്പോർട്ടിൽ പറയുന്ന തൊഴിലവസരങ്ങളെക്കുറിച്ചുള്ള കണക്കുകൾ വ്യാജമാണെന്നും കിഫ്ബി വഴി നടപ്പിലാക്കിയെന്ന് പറയുന്ന പല പദ്ധതികളും പാതിവഴിയിലാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.തുടർഭരണത്തിന്റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും, എന്തുചെയ്തു എന്നതിനേക്കാൾ എന്തുചെയ്തില്ല എന്ന് മനസ്സിലാക്കാൻ ഈ പ്രോഗ്രസ് റിപ്പോർട്ട് നോക്കിയാൽ മതിയെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

