ചന്ദ്രന്റെ ആകർഷണ വലയത്തിൽ പ്രവേശിച്ച് ആർട്ടെമിസ് 2; അരനൂറ്റാണ്ടിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രസവിധത്തിൽ

ഫ്ലോറിഡ: 50 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രന്റെ ആകർഷണ വലയത്തിൽ (Lunar Gravitational Influence) പ്രവേശിച്ചു. നാസയുടെ ആർട്ടെമിസ് 2 ദൗത്യത്തിലെ ഓറിയോൺ (Orion) പേടകം ഏപ്രിൽ 6 തിങ്കളാഴ്ച രാവിലെയോടെയാണ് ചന്ദ്രന്റെ ഗുരുത്വാകർഷണ പരിധിയിൽ എത്തിയത്. ഇതോടെ ഭൂമിയേക്കാൾ ചന്ദ്രന്റെ ആകർഷണശക്തി പേടകത്തിൽ അനുഭവപ്പെട്ടു തുടങ്ങി.

ഭൂമിയിൽ നിന്ന് ഏകദേശം 4.06 ലക്ഷം കിലോമീറ്റർ അകലെ എത്തിയതോടെ, മനുഷ്യർ സഞ്ചരിക്കുന്ന ഒരു പേടകം സഞ്ചരിക്കുന്ന ഏറ്റവും കൂടുതൽ ദൂരം എന്ന റെക്കോർഡ് ഓറിയോൺ സ്വന്തമാക്കി. 1970-ൽ അപ്പോളോ 13 സ്ഥാപിച്ച റെക്കോർഡാണ് ഇവിടെ തകർക്കപ്പെട്ടത്.മിഷൻ കമാൻഡർ റെയ്ഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കോക്ക്, ജെറമി ഹാൻസൻ എന്നിവരാണ് ഈ ചരിത്രയാത്രയിലുള്ളത്.

പേടകത്തിന്റെ സഞ്ചാരപഥം കൃത്യമാക്കുന്നതിനായി 19 മിനിറ്റോളം പ്രധാന എഞ്ചിൻ ജ്വലിപ്പിച്ചു (Engine Burn). ചൊവ്വാഴ്ച പുലർച്ചെയോടെ പേടകം ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് ഏകദേശം 6,500 കിലോമീറ്റർ വരെ അടുത്തെത്തും.ചന്ദ്രന്റെ മറുപുറത്തുകൂടി (Far side of the Moon) സഞ്ചരിക്കുമ്പോൾ ഏകദേശം 40 മിനിറ്റോളം പേടകവും നാസയും തമ്മിലുള്ള റേഡിയോ ബന്ധം തടസ്സപ്പെടും. ഈ സമയത്ത് ചന്ദ്രൻ ഒരു തടസ്സമായി നിൽക്കുന്നതിനാലാണിത്.ചന്ദ്രനെ വലംവെച്ച് ചൊവ്വാഴ്ച ഉച്ചയോടെ പേടകം ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിക്കും. വെള്ളിയാഴ്ചയോടെ സംഘം സുരക്ഷിതമായി പസഫിക് സമുദ്രത്തിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഭാവിയിൽ മനുഷ്യനെ ചന്ദ്രനിൽ ഇറക്കുന്ന ആർട്ടെമിസ് 3 ദൗത്യത്തിന് മുന്നോടിയായുള്ള പരീക്ഷണ പറക്കലാണിത്. പേടകത്തിലെ ലൈഫ് സപ്പോർട്ട് സിസ്റ്റങ്ങൾ, കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ എന്നിവയുടെ കൃത്യത ഈ യാത്രയിലൂടെ നാസ ഉറപ്പുവരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *