വാഷിംഗ്ടൺ: മധ്യേഷ്യയിൽ സംഘർഷം പാരമ്യത്തിലെത്തി നിൽക്കെ, ഇറാനെതിരെ അതിരൂക്ഷമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൊവ്വാഴ്ച രാത്രിയോടെ ഇറാന്റെ സൈനിക ശേഷിയെ തകർക്കുമെന്ന തരത്തിലുള്ള മുന്നറിയിപ്പുകൾ പുറത്തുവന്നതോടെ മേഖലയിൽ വൻ യുദ്ധഭീതിയാണ് നിലനിൽക്കുന്നത്.ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രകോപനങ്ങൾ തുടരുന്ന സാഹചര്യത്തിൽ, കടുത്ത സൈനിക നടപടി ഉണ്ടാകുമെന്ന സൂചനയാണ് വൈറ്റ് ഹൗസ് നൽകുന്നത്. നിശ്ചിത സമയത്തിനുള്ളിൽ ഇറാന്റെ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണം ഉണ്ടായേക്കാമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങളിലും യുദ്ധക്കപ്പലുകളിലും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ഇറാനിൽ നിന്നുള്ള ഏത് വെല്ലുവിളിയെയും നേരിടാൻ സർവ്വസജ്ജമാണെന്ന് അമേരിക്കൻ പ്രതിരോധ കേന്ദ്രങ്ങൾ വ്യക്തമാക്കി.അമേരിക്കയുടെ ഭീഷണികൾക്ക് വഴങ്ങില്ലെന്ന നിലപാടിലാണ് ഇറാൻ. സ്വന്തം പരമാധികാരം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും തിരിച്ചടി നൽകുമെന്നും ഇറാൻ ഭരണകൂടം ആവർത്തിക്കുന്നു
റഷ്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ മേഖലയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഒരു പൂർണ്ണ തോതിലുള്ള യുദ്ധം ഉണ്ടായാൽ അത് ആഗോള എണ്ണ വിപണിയെയും സാമ്പത്തിക വ്യവസ്ഥയെയും തകിടം മറിക്കുമെന്ന ആശങ്ക ശക്തമാണ്.

