ഖാസിം സുലൈമാനിയുടെ സഹോദരപുത്രിയെ യുഎസിൽ നിന്ന് നാടുകടത്തുന്നു; ഗ്രീൻ കാർഡ് റദ്ദാക്കി

ലാസ് വേഗസ്: ഇറാനിയൻ സൈനിക കമാൻഡറായിരുന്ന ഖാസിം സുലൈമാനിയുടെ സഹോദരപുത്രി ഹമീദ് സുലൈമാനി അഫ്ഷറിനെയും (47) മകൾ സരിനസാദത്ത് ഹുസൈനിയെയും (25) അമേരിക്കയിൽ നിന്ന് നാടുകടത്തുന്നു. യുഎസ് സൈനികർ കൊല്ലപ്പെടുന്നത് ഇരുവരും ആഘോഷിച്ചുവെന്ന ആരോപണത്തെത്തുടർന്ന് ഇവരുടെ ഗ്രീൻ കാർഡ് റദ്ദാക്കി. നിലവിൽ ലൊസാഞ്ചലസിൽ ഇമിഗ്രേഷൻ വിഭാഗത്തിന്റെ കസ്റ്റഡിയിലുള്ള ഇവരെ പുറത്താക്കാനുള്ള നടപടികൾ ആരംഭിച്ചു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ നിർദ്ദേശപ്രകാരമാണ് നടപടി. ഇറാനുമായുള്ള സംഘർഷത്തിനിടെ അമേരിക്കൻ സൈനികർ കൊല്ലപ്പെടുന്നത് ഇരുവരും ആഘോഷിച്ചതായി അദ്ദേഹം ആരോപിച്ചിരുന്നു.ഡിസൈനർ വസ്ത്രങ്ങളും വിലകൂടിയ കാറുകളും ആഡംബര പാർട്ടികളുമായി യുഎസിൽ ഇവർ നയിച്ചിരുന്ന ജീവിതശൈലി നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. സ്ത്രീകളുടെ വസ്ത്രധാരണത്തിൽ കടുത്ത നിയന്ത്രണമുള്ള ഇറാന്റെ നയങ്ങൾക്ക് വിരുദ്ധമായി ബിക്കീനി ധരിച്ചുള്ള ചിത്രങ്ങൾ ഇവർ പങ്കുവെച്ചതും വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *