സിഡ്‌നി: ഓസ്‌ട്രേലിയയിലെ ഭജന പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന നന്ദഗോവിന്ദം ഭജന സംഘത്തിന്റെ ‘ഗ്ലോബൽ ഭജൻ യാൻ’ സംഗീത നിശയുടെ ഒരുക്കങ്ങൾ പൂർത്തിയായി. കസമിയ എന്റർടൈൻമെന്റ്‌സ് അവതരിപ്പിക്കുന്ന ഈ പരിപാടിയുടെ ടിക്കറ്റുകൾ ഇതിനോടകം തന്നെ പൂർണ്ണമായും വിറ്റുതീർന്നതായി സംഘാടകർ അറിയിച്ചു. സിഡ്‌നിയിലെ പ്രവാസി മലയാളികൾക്കിടയിൽ ലഭിച്ച അഭൂതപൂർവ്വമായ ജനപിന്തുണയുടെ തെളിവാണ് ടിക്കറ്റുകളുടെ ഈ വേഗത്തിലുള്ള വില്പന.
കലാകാരന്മാരുടെ വിസ നടപടികൾ ഉൾപ്പെടെയുള്ള സാങ്കേതിക കാര്യങ്ങൾ വിജയകരമായി പൂർത്തിയായതോടെ മെയ് 3-ന് പരിപാടി അരങ്ങേറും. സിഡ്‌നിയിലെ (UNSW) സിർ ജോൺ ക്ലാൻസി ഓഡിറ്റോറിയമാണ് ഈ ഭക്തിസാന്ദ്രമായ സംഗീത വിരുന്നിന് വേദിയാകുന്നത്. ഭക്തിയും സംഗീതവും ഇഴചേരുന്ന അവിസ്മരണീയമായ ഒരു സായാഹ്നമാകും ഇതെന്നും, പരിപാടി വൻ വിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും സംഘാടകർ വ്യക്തമാക്കി

