സിഡ്നി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് വിമാന ഇന്ധനവില കുതിച്ചുയർന്ന സാഹചര്യത്തിൽ, ആഭ്യന്തര സർവീസുകളിൽ അഞ്ച് ശതമാനം കുറവ് വരുത്താൻ ക്വാണ്ടാസ് ഗ്രൂപ്പ് തീരുമാനിച്ചു. ഇന്ധന ശുദ്ധീകരണ ചെലവ് ബാരലിന് 20 യുഎസ് ഡോളറിൽ നിന്ന് 120 ഡോളറായി ഉയർന്നതോടെയാണ് വിമാനക്കമ്പനി കർശന നടപടികളിലേക്ക് നീങ്ങിയത്. ഇന്ന് പുറത്തിറക്കിയ വിപണി റിപ്പോർട്ടിലാണ് ക്വാണ്ടാസ് ഇക്കാര്യം വ്യക്തമാക്കിയത്.
സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ ഇന്ധനത്തിനായി മാത്രം 3.1 ബില്യൺ മുതൽ 3.3 ബില്യൺ ഡോളർ വരെ ചിലവാക്കേണ്ടി വരുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. ഇന്ധനവിലയിലുണ്ടായ ഈ വർദ്ധനവ് കമ്പനിയുടെ ലാഭത്തിൽ 500 ദശലക്ഷം മുതൽ 800 ദശലക്ഷം ഡോളർ വരെ കുറവുണ്ടാക്കും. പ്രതിസന്ധി മറികടക്കാൻ അന്താരാഷ്ട്ര സർവീസുകളുടെ ശൃംഖലയിൽ മാറ്റം വരുത്താനും ആഭ്യന്തര സർവീസുകൾ പുനഃക്രമീകരിക്കാനും ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്.
സർവീസുകളിൽ മാറ്റം വരുന്നതോടെ യാത്രക്കാരെ നേരിട്ട് ബന്ധപ്പെട്ട് പുതിയ യാത്രാ വിവരങ്ങൾ അറിയിക്കുമെന്ന് ക്വാണ്ടാസും ഉപകമ്പനിയായ ജെറ്റ്സ്റ്റാറും അറിയിച്ചു. ജെറ്റ്സ്റ്റാർ ഇതിനോടകം തന്നെ സിഡ്നി-ഓക്ലൻഡ്, ബ്രിസ്ബേൻ-ഓക്ലൻഡ് റൂട്ടുകളിലെ സർവീസുകളിൽ 12 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. ഏകദേശം 55 വിമാന സർവീസുകളെയാണ് ഇത് ബാധിക്കുക.
അതേസമയം, ആഭ്യന്തര മേഖലയിൽ പ്രതിസന്ധിയുണ്ടെങ്കിലും യൂറോപ്പിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തുന്നതായി ക്വാണ്ടാസ് ചൂണ്ടിക്കാട്ടി. പാരീസ്, റോം തുടങ്ങിയ നഗരങ്ങളിലേക്ക് കൂടുതൽ ആളുകൾ ടിക്കറ്റ് ബുക്ക് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ അമേരിക്കൻ റൂട്ടുകളിലെയും ആഭ്യന്തര റൂട്ടുകളിലെയും വിമാനങ്ങൾ പിൻവലിച്ച് യൂറോപ്യൻ സർവീസുകൾക്കായി വിന്യസിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഇന്ധന ലഭ്യത ഉറപ്പാക്കാൻ സർക്കാരുമായും വിതരണക്കാരുമായും നിരന്തരം ചർച്ചകൾ നടത്തിവരികയാണെന്നും ക്വാണ്ടാസ് അധികൃതർ വ്യക്തമാക്കി.

