തുർക്കിയിലെ സ്കൂളിൽ വെടിവെപ്പ്: 16 പേർക്ക് പരിക്ക്, അക്രമി സ്വയം വെടിവെച്ച് മരിച്ചു

സാൻലിയുർഫ: തെക്കുകിഴക്കൻ തുർക്കിയിലെ സാൻലിയുർഫ പ്രവിശ്യയിലുള്ള അഹ്മത് കൊയുഞ്ചു വൊക്കേഷണൽ ആൻഡ് ടെക്നിക്കൽ അനറ്റോലിയൻ ഹൈസ്കൂളിൽ ഉണ്ടായ വെടിവെപ്പിൽ വിദ്യാർത്ഥികളടക്കം 16 പേർക്ക് പരിക്കേറ്റു. വെടിവെപ്പിന് ശേഷം അക്രമി സ്വയം വെടിവെച്ച് മരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ചൊവ്വാഴ്ചയാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. സ്കൂളിലെ മുൻ വിദ്യാർത്ഥി കൂടിയായ പത്തൊമ്പതുകാരനാണ് ആക്രമണം നടത്തിയത്. കൈയ്യിൽ കരുതിയിരുന്ന പമ്പ്-ആക്ഷൻ ഷോട്ട്ഗണുമായി (Pump-action shotgun) സ്കൂൾ വളപ്പിലെത്തിയ ഇയാൾ ആദ്യം മുറ്റത്തും തുടർന്ന് കെട്ടിടത്തിനുള്ളിൽ കയറിയും കണ്ണിൽക്കണ്ടവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് അതീവ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ആക്രമണ സമയത്ത് പരിഭ്രാന്തരായ ചില വിദ്യാർത്ഥികൾ രക്ഷപ്പെടാനായി കെട്ടിടത്തിന്റെ ജനലിലൂടെ താഴേക്ക് ചാടിയതായും റിപ്പോർട്ടുകളുണ്ട്.

ആക്രമണം നടത്തിയതിന് ശേഷം അക്രമി സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ആക്രമണത്തിന് പിന്നിലെ കൃത്യമായ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ല. വ്യക്തിപരമായ വിരോധമാണോ അതോ മറ്റ് കാരണങ്ങളുണ്ടോ എന്നത് സംബന്ധിച്ച് സാൻലിയുർഫ ഗവർണർ ഹസൻ സിൽഡാക്കിന്റെ (Hasan Sildak) നേതൃത്വത്തിൽ ഉന്നതതല അന്വേഷണം നടന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *