ഇംഫാൽ: മണിപ്പുരിലെ ബിഷ്ണുപുർ ജില്ലയിൽ പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിൽ ശക്തമായ ഏറ്റുമുട്ടലുണ്ടായി. ബിഷ്ണുപുരിലെ തിംഗുങ്കെയ് മേഖലയിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇതിനെത്തുടർന്ന് ക്രമസമാധാനം നിലനിർത്തുന്നതിനായി ജില്ലയിൽ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.ട്രോങ്‌ലോബിയിൽ നടന്ന ബോംബ് സ്‌ഫോടനത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ തെരുവിലിറങ്ങിയത്. പ്രതിഷേധത്തിനിടെ ആയുധധാരികളായ ചിലർ പ്രദേശത്തുണ്ടെന്ന അഭ്യൂഹം പടർന്നതോടെ സാഹചര്യം വഷളാകുകയായിരുന്നു.
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സുരക്ഷാസേന കണ്ണീർവാതകം പ്രയോഗിച്ചു. ഇതിനിടെ പത്തോളം പേർക്ക് നിസാര പരിക്കേറ്റതായാണ് വിവരം. തിംഗുങ്കെയ്, നിങ്‌തൗഖോങ് മേഖലകളിൽ പ്രതിഷേധക്കാർ സുരക്ഷാ വാഹനങ്ങൾ തടയുകയും ഒരു വാഹനം തീയിട്ട് നശിപ്പിക്കുകയും ചെയ്തു.സംഘർഷത്തെത്തുടർന്ന് അഞ്ച് താഴ്‍വര ജില്ലകളിൽ (ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബാൽ, കാക്ച്ചിംഗ്, ബിഷ്ണുപുർ) ഇന്റർനെറ്റ് സേവനങ്ങൾ മൂന്ന് ദിവസത്തേക്ക് കൂടി റദ്ദാക്കിയിട്ടുണ്ട്. വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിക്കുന്നത് തടയാനാണ് ഈ നടപടിയെന്ന് സർക്കാർ അറിയിച്ചു.
കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും മേഖലയിലെ സായുധ സംഘങ്ങളുടെ കടന്നുകയറ്റം തടയണമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടംകൂടുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.

