ബിഹാറിൽ ചരിത്രമാറ്റം: സാമ്രാട്ട് ചൗധരി ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; ബിജെപിയിൽ നിന്നുള്ള ആദ്യ മുഖ്യമന്ത്രി

പട്‌ന: ബിഹാറിൽ പതിറ്റാണ്ടുകൾ നീണ്ട നിതീഷ് കുമാറിന്റെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബിജെപി നേതാവ് സാമ്രാട്ട് ചൗധരി ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ബിഹാറിന്റെ ചരിത്രത്തിൽ ഭാരതീയ ജനതാ പാർട്ടിയിൽ നിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രിയാണ് സാമ്രാട്ട് ചൗധരി. നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യസഭയിലേക്ക് മാറാൻ തീരുമാനിച്ചതോടെയാണ് ബിഹാറിൽ ഈ നിർണ്ണായക രാഷ്ട്രീയ മാറ്റമുണ്ടായത്.

പട്‌നയിലെ ലോക്ഭവനിൽ (ഗവർണറുടെ വസതി) രാവിലെ 11 മണിയോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. ഗവർണർ സയ്യിദ് അതാ ഹസ്നൈൻ സത്യവാചകം ചൊല്ലിക്കൊടുക്കും.ചൊവ്വാഴ്ച നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ സാമ്രാട്ട് ചൗധരിയെ ഏകകണ്ഠമായി നേതാവായി തെരഞ്ഞെടുത്തു. തുടർന്ന് എൻഡിഎ നിയമസഭാ കക്ഷി യോഗവും ഇദ്ദേഹത്തെ നേതാവായി അംഗീകരിച്ചു. മുൻപ് ഉപമുഖ്യമന്ത്രിയായിരുന്ന സാമ്രാട്ട് ചൗധരി ഇനി സംസ്ഥാന ഭരണത്തിന്റെ ചുക്കാൻ പിടിക്കും

ജെഡി(യു)വിൽ നിന്നുള്ള വിജയ് കുമാർ ചൗധരി, ബിജേന്ദ്ര പ്രസാദ് യാദവ് എന്നിവർ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യാനാണ് സാധ്യത. മന്ത്രിസഭയിലെ മറ്റ് അംഗങ്ങളുടെ കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.രണ്ട് പതിറ്റാണ്ടോളം ബിഹാറിന്റെ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ ചൊവ്വാഴ്ചയാണ് ഗവർണർക്ക് രാജി സമർപ്പിച്ചത്. കഴിഞ്ഞ ആഴ്ച അദ്ദേഹം രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതോടെയാണ് ബിജെപിക്ക് സംസ്ഥാനത്ത് സ്വന്തം മുഖ്യമന്ത്രിയെ നിയമിക്കാനുള്ള വഴി തെളിഞ്ഞത്.

ബിഹാറിലെ പ്രമുഖ രാഷ്ട്രീയ നേതാവായ ശകുനി ചൗധരിയുടെ മകനാണ് 57-കാരനായ സാമ്രാട്ട് ചൗധരി. 2017-ൽ ബിജെപിയിൽ ചേർന്ന അദ്ദേഹം വളരെ പെട്ടെന്നുതന്നെ പാർട്ടിയുടെ കരുത്തുറ്റ മുഖമായി മാറി. മുമ്പ് ആർജെഡി, ജെഡി(യു) പാർട്ടികളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ബിഹാർ ബിജെപി അധ്യക്ഷനായും ഉപമുഖ്യമന്ത്രിയായും അദ്ദേഹം തന്റെ പ്രവർത്തന മികവ് തെളിയിച്ചിട്ടുണ്ട്.​പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ കേന്ദ്ര നിരീക്ഷകൻ ശിവരാജ് സിംഗ് ചൗഹാൻ ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കളും എൻഡിഎ സഖ്യകക്ഷികളും പങ്കെടുക്കും. ബിഹാറിന്റെ വികസനത്തിനും സുസ്ഥിര ഭരണത്തിനുമാണ് മുൻഗണനയെന്ന് സാമ്രാട്ട് ചൗധരി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *