ഹോർമൂസ് കടലിടുക്കിലെ സംഘർഷം; സമാധാന ദൗത്യത്തിൽ പങ്കുചേരാൻ ഓസ്‌ട്രേലിയ, ലണ്ടനിൽ നിർണ്ണായക ചർച്ച

കാൻബറ: ആഗോള എണ്ണ വ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമൂസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള അന്താരാഷ്ട്ര സമാധാന ദൗത്യത്തിൽ ഓസ്‌ട്രേലിയയും പങ്കാളിയാകുന്നു. ചരക്ക് കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ സൈനിക സഹായം നൽകുന്നത് സംബന്ധിച്ച ഔദ്യോഗിക ചർച്ചകൾ ഈ ആഴ്ച ലണ്ടനിൽ നടക്കും.

അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തിൽ പ്രതിഷേധിച്ച് ഇറാൻ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ വെടിയുതിർക്കുകയും സമുദ്രപാത തടസ്സപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് അന്താരാഷ്ട്ര ഇടപെടൽ ശക്തമാകുന്നത്. ബ്രിട്ടന്റെയും ഫ്രാൻസിന്റെയും നേതൃത്വത്തിൽ 49 രാജ്യങ്ങൾ ചേർന്നുള്ള സഖ്യമാണ് സമാധാന ദൗത്യത്തിന് രൂപം നൽകുന്നത്. ചൈനയും ഈ സഖ്യത്തിന്റെ ഭാഗമാണെങ്കിലും അമേരിക്ക ഇതിൽ ഉൾപ്പെട്ടിട്ടില്ല.

ഓസ്‌ട്രേലിയൻ പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലസ് ദൗത്യത്തിൽ പങ്കുചേരുമെന്ന് സ്ഥിരീകരിച്ചെങ്കിലും ഏതു തരത്തിലുള്ള സൈനിക സഹായമാണ് നൽകുകയെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഹോർമൂസ് കടലിടുക്ക് സുരക്ഷിതമായിരിക്കുക എന്നത് ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്. ആഗോള ഇന്ധന വിതരണ ശൃംഖല സാധാരണ നിലയിലാകേണ്ടതുണ്ട്. നിലവിൽ മിഡിൽ ഈസ്റ്റ് മേഖലയിലുള്ള ഓസ്‌ട്രേലിയയുടെ ‘E7 വെഡ്‌ജ്‌ടെയിൽ’ (E7 Wedgetail) നിരീക്ഷണ വിമാനങ്ങളുടെ സേവനം ഈ ദൗത്യത്തിനായി വിപുലപ്പെടുത്താനാണ് സാധ്യത.

കടലിടുക്ക് സുരക്ഷിതമാക്കാനുള്ള നീക്കത്തിന് ഓസ്‌ട്രേലിയൻ പ്രതിപക്ഷവും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കപ്പൽ ഗതാഗത നിയമങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ഇറാന്റെ നടപടികൾ ലോകത്തെ മുഴുവൻ പ്രതിസന്ധിയിലാക്കാൻ അനുവദിക്കില്ലെന്നും ലിബറൽ സെനറ്റർ ജോണോ ഡുനിയം വ്യക്തമാക്കി.

ഹോർമൂസ് കടലിടുക്ക് താൽക്കാലികമായി തുറന്നത് ഇന്ധനവിലയിൽ നേരിയ കുറവുണ്ടാക്കിയിട്ടുണ്ട്. ഇത് സ്ഥിരമായി നിലനിർത്താൻ സാധിച്ചാൽ വിലക്കയറ്റത്തിന് വലിയ പരിഹാരമാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. എങ്കിലും യുദ്ധം തുടരുന്നത് വലിയ വെല്ലുവിളിയാണെന്ന് പ്രതിരോധ വ്യവസായ മന്ത്രി പാറ്റ് കൺറോയ് പറഞ്ഞു. ലണ്ടനിൽ നടക്കുന്ന ചർച്ചകൾക്ക് ശേഷം ഓസ്‌ട്രേലിയയുടെ കൂടുതൽ സൈനിക വിന്യാസം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *