തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 100 കോടിയുടെ പൊരുത്തക്കേട്: നടൻ വിജയിക്ക് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്

ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനും നടനുമായ വിജയിക്ക് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയ സ്വത്തുവിവരങ്ങളിൽ 100 കോടി രൂപയുടെ പൊരുത്തക്കേട് ഉണ്ടെന്ന പരാതിയിലാണ് കോടതി നടപടി.

വിജയിയെ കൂടാതെ ആദായനികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ജനറൽ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ, പെരമ്പൂർ, തിരുച്ചിറപ്പള്ളി (ഈസ്റ്റ്) മണ്ഡലങ്ങളിലെ വരണാധികാരികൾ എന്നിവർക്കും ചീഫ് ജസ്റ്റിസ് എസ്.എ. ധർമ്മാധികാരി, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്.

ചെന്നൈ വ്യാസർപാടി സ്വദേശിയായ വി. വിഘ്നേഷ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ. പെരമ്പൂർ, തൃച്ചി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിലായി വിജയ് സമർപ്പിച്ച സത്യവാങ്മൂലങ്ങളിൽ സ്വത്തുവിവരങ്ങൾ വ്യത്യസ്തമായാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

രണ്ട് സത്യവാങ്മൂലങ്ങളും തമ്മിൽ ഏകദേശം 105 കോടി രൂപയുടെ വ്യത്യാസമുണ്ടെന്നും ഇത് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്നതും വിവരങ്ങൾ ബോധപൂർവ്വം മറച്ചുവെക്കുന്നതുമാണെന്ന് ഹർജിക്കാരൻ ആരോപിച്ചു. ആസ്തി വിവരങ്ങളിലെ ഈ വൈരുദ്ധ്യത്തെക്കുറിച്ച് ആദായനികുതി വകുപ്പ് വിശദമായ അന്വേഷണം നടത്തണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *