ടെഹ്റാൻ: അമേരിക്കയുടെ ഭീഷണികൾക്കും സമ്മർദ്ദങ്ങൾക്കും വഴങ്ങി സമാധാന ചർച്ചകൾക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ചർച്ചകൾക്ക് അനുകൂലമായ അന്തരീക്ഷമല്ല ഉള്ളതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഒരു വശത്ത് നയതന്ത്രത്തെക്കുറിച്ച് സംസാരിക്കുകയും മറുഭാഗത്ത് നാവിക ഉപരോധം ഏർപ്പെടുത്തുകയും ചെയ്യുന്നത് അമേരിക്കയുടെ ആത്മാർത്ഥതയില്ലായ്മയാണ് കാണിക്കുന്നതെന്ന് ഇറാൻ കുറ്റപ്പെടുത്തി. ഭീഷണിയുടെ നിഴലിൽ ഇരുന്നുള്ള ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
വെടിനിർത്തൽ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഹോർമുസ് കടലിടുക്കിലെ സംഘർഷവും നയതന്ത്ര ചർച്ചകളുടെ പരാജയവും മേഖലയെ വീണ്ടും ഒരു പൂർണ്ണ യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന് ആശങ്കയുണ്ട്.ഉപരോധം പിൻവലിക്കാതെയും സൈനിക പ്രകോപനങ്ങൾ അവസാനിപ്പിക്കാതെയും യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ ഭരണകൂടം.

