ടൂംഗാബി ലീഗല്‍ സെന്റര്‍, ജസ്റ്റിസ് മാര്‍ഗരറ്റ് ബീസ്ലി സെന്റര്‍ ഭൂമി പൂജ ഓഗസ്റ്റ് 23-ന്; അമരക്കാരനായി മലയാളി സുസൈ ബെഞ്ചമിന്‍

സിഡ്‌നി: ഓസ്ട്രേലിയയിലെ സിഡ്‌നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സന്നദ്ധ നിയമസഹായ സ്ഥാപനമായ ടൂംഗാബി ലീഗല്‍ സെന്ററിന്റെ (T-L-C) സ്വന്തം കെട്ടിടമായ ‘ജസ്റ്റിസ് മാര്‍ഗരറ്റ് ബീസ്ലി സെന്ററി’ന്റെ ഭൂമി പൂജ 2026 ഓഗസ്റ്റ് 23 ഞായറാഴ്ച നടക്കും. രാവിലെ 11:15-ന് ടൂംഗാബിയിലെ പോര്‍ട്ടിക്കോ പരേഡിന്റെയും വലേറിയ സ്ട്രീറ്റിന്റെയും സംഗമസ്ഥാനത്താണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും നിയമസഹായം ലഭിക്കാന്‍ പ്രയാസപ്പെടുന്നവര്‍ക്കും സൗജന്യമായി സേവനം എത്തിക്കുന്ന സ്ഥാപനമാണ് ടൂംഗാബി ലീഗല്‍ സെന്റര്‍. മലയാളിയും പ്രിന്‍സിപ്പല്‍ സോളിസിറ്ററും സി.ഇ.ഒയുമായ സുസൈ ബെഞ്ചമിനാണ് ഈ സ്ഥാപനത്തിന്റെ പ്രധാന സാരഥി. ഓസ്ട്രേലിയയില്‍ തന്നെ രണ്ടാം സ്ഥാനത്തുള്ള ഏറ്റവും വലിയ പ്രവാസി മേഖലയും ഇന്ത്യന്‍ വംശജരും മലയാളികളും കൂടുതലായി വസിക്കുന്നതുമായ ബ്ലാക്ക്ടൗണ്‍ കേന്ദ്രീകരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം എന്നതിനാല്‍ ഇവിടുത്തെ മലയാളി സമൂഹത്തിനും പ്രവാസി സംഘടനകള്‍ക്കും ഏറെ ഉപകാരപ്രദമാണ് ഈ പ്രോജക്ട്.

നിരവധി ആളുകളുടെ കഠിനാധ്വാനത്തിന്റെയും പൊതുജനങ്ങളില്‍ നിന്നും ചാരിറ്റി സംഘടനകളില്‍ നിന്നും സമാഹരിച്ച ഡൊണേഷനുകളുടെയും ഫലമായാണ് സര്‍ക്കാര്‍ നല്കിയ സ്ഥലത്ത് പ്രോജക്ട് യാഥാര്‍ത്ഥ്യമാകുന്നത്. പ്രോജക്ടിന്റെ പൂര്‍ത്തീകരണത്തിനായി കൂടുതല്‍ സംഭാവനകള്‍ സംഘാടകര്‍ സ്വാഗതം ചെയ്തു.

ന്യൂ സൗത്ത് വെയില്‍സ് ഗവര്‍ണറും ടൂംഗാബി ലീഗല്‍ സെന്ററിന്റെ രക്ഷാധികാരിയുമായ ഹെര്‍ എക്‌സലന്‍സി ദി ഓണറബിള്‍ മാര്‍ഗരറ്റ് ബീസ്ലി എസി കെസിയുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടക്കുന്നത്. ഡോ. ജിം ടാഗാര്‍ട്ട് ഒഎഎം പരിപാടിയുടെ മാസ്റ്റര്‍ ഓഫ് സെറിമണി നടത്തും

സീറ്റുകളുടെ എണ്ണം പരിമിതമായതിനാല്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓഗസ്റ്റ് 18-നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 10:30 മുതല്‍ രജിസ്റ്റര്‍ ചെയ്ത അതിഥികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കും.

അതോടൊപ്പം, ടൂംഗാബി ലീഗല്‍ സെന്ററിന്റെ 19-ാമത് വാര്‍ഷിക കമ്മ്യൂണിറ്റി ഫണ്ട് റെയ്‌സിംഗ് ഡിന്നര്‍ ഒക്ടോബര്‍ 31 ശനിയാഴ്ച നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു. അഭിഭാഷകര്‍ക്കായുള്ള വിവിധ M-C-L-E സെമിനാറുകള്‍ക്കുള്ള മുന്‍കൂട്ടിയുള്ള രജിസ്‌ട്രേഷനും ആരംഭിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *