സിഡ്നി: വിവാദ വ്യവസായിയും മുൻ ഓബർൺ ഡെപ്യൂട്ടി മേയറുമായ സലിം മെഹാജെർ (40) ഗാർഹിക പീഡനക്കേസിൽ വീണ്ടും അറസ്റ്റിലായി. കഴിഞ്ഞ വർഷം പരോളിലിറങ്ങിയതിന് പിന്നാലെയാണ് പുതിയ കേസിൽ പോലീസ് ഇയാളെ പിടികൂടിയത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.30-ഓടെ പടിഞ്ഞാറൻ സിഡ്നിയിലെ വെന്റ്വർത്ത് പോയിന്റിലുള്ള ഒരു കഫേയിൽ നിന്നാണ് ന്യൂ സൗത്ത് വെയിൽസ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്ത ഗാർഹിക പീഡന പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. തുടർന്ന് ഓബർൺ പോലീസ് സ്റ്റേഷനിലെത്തിച്ച മെഹാജെറിനെതിരെ ഗാർഹിക പീഡന സ്വഭാവമുള്ള ശാരീരിക ഉപദ്രവം, 15,000 ഡോളറിലധികം മൂല്യമുള്ള മോഷണം , ശാരീരിക ഭീഷണി ഉയർത്തലും ഭയപ്പെടുത്തലും (Stalk/intimidate) തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തി. ജാമ്യം നിഷേധിക്കപ്പെട്ട ഇയാളെ പരമട്ട ലോക്കൽ കോടതിയിൽ ഹാജരാക്കും.
2012 മുതൽ 2016 വരെ ഓബർൺ കൗൺസിൽ ഡെപ്യൂട്ടി മേയറായിരുന്ന സലിം മെഹാജെർ പ്രോപ്പർട്ടി ഡെവലപ്പർ എന്ന നിലയിലും അറിയപ്പെട്ടിരുന്നു. 2023-ൽ വിവിധ സാമ്പത്തിക-തട്ടിപ്പ് കുറ്റങ്ങൾക്ക് ഏഴ് വർഷവും ഒൻപത് മാസവും തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇയാൾ 2025 ജൂലൈയിലാണ് പരോളിൽ പുറത്തിറങ്ങിയത്. 2015-ൽ നാല് ഹെലികോപ്റ്ററുകളും ആഡംബര സ്പോർട്സ് കാറുകളുമടക്കം ലിഡ്കോംബിലെ തെരുവ് മുഴുവൻ അടച്ചുപൂട്ടി നടത്തിയ പത്ത് ലക്ഷം ഡോളറിന്റെ ആഡംബര വിവാഹത്തിലൂടെയാണ് മെഹാജെർ ആഗോളതലത്തിൽ വാർത്തകളിൽ ഇടംനേടിയത്.

