മെൽബൺ: വിക്ടോറിയൻ സംസ്ഥാന തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച അധോസഭാ (ലോവർ ഹൗസ്) സീറ്റുകൾ നേടാനാകാതെ പോയതിന് പിന്നാലെ, പാർട്ടിയുടെ പ്രചാരണ തന്ത്രങ്ങളെ ചോദ്യം ചെയ്ത് ‘വൺ നേഷൻ’ സ്ഥാനാർത്ഥികളും പ്രവർത്തകരും രംഗത്തെത്തി. സംസ്ഥാനതലത്തിൽ ഏകദേശം 20 ശതമാനം പ്രാഥമിക വോട്ടുകൾ നേടിയിട്ടും അധോസഭയിൽ സീറ്റുകൾ ലഭിക്കാത്തതിലാണ് ഒരു വിഭാഗം സ്ഥാനാർത്ഥികൾ അതൃപ്തി പ്രകടിപ്പിക്കുന്നത്. ഉപരിസഭയിൽ (അപ്പർ ഹൗസ്) എട്ടോ ഒൻപതോ സീറ്റുകൾ നേടി നിർണ്ണായക ശക്തിയാകാൻ പാർട്ടിക്ക് സാധിക്കുമെന്നാണ് വിലയിരുത്തലെങ്കിലും, അധോസഭയിലെ തിരിച്ചടി പാർട്ടിക്കുള്ളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
നാഷണൽസ് പാർട്ടിയിൽ നിന്ന് പിടിച്ചെടുക്കുമെന്ന് കരുതിയിരുന്ന ഷെപ്പാർട്ടൺ മണ്ഡലത്തിലെ സ്ഥാനാർത്ഥി ഫിലിപ്പ് ബ്രയന്റ്, കേന്ദ്ര നേതാക്കളെ പ്രചാരണത്തിന് വിന്യസിച്ച രീതിയെ ചോദ്യം ചെയ്തു. നാഷണൽസ് വിട്ട് വൺ നേഷനിൽ ചേർന്നതിന്റെ കാരണം വോട്ടർമാരോട് വിശദീകരിക്കാൻ ബാർണബി ജോയ്സ് തന്റെ മണ്ഡലത്തിൽ എത്തിയിരുന്നെങ്കിൽ വലിയ മാറ്റമുണ്ടാകുമായിരുന്നെന്ന് ബ്രയന്റ് അഭിപ്രായപ്പെട്ടു. ഫെഡറൽ നേതാവ് പോളിൻ ഹാൻസൺ, സംസ്ഥാന നേതാവ് വാറൻ പിക്കറിംഗ്, ബാർണബി ജോയ്സ് എന്നിവരുടെ സന്ദർശനങ്ങളിൽ കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നില്ലെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മറ്റൊരു സ്ഥാനാർത്ഥിയും ആരോപിച്ചു. മുൻകൂർ വോട്ടെടുപ്പ് (പ്രീ-പോൾ) തുടങ്ങി രണ്ട് ദിവസത്തിന് ശേഷമാണ് പല മണ്ഡലങ്ങളിലും വോട്ടിംഗ് നിർദ്ദേശങ്ങളടങ്ങിയ കാർഡുകൾ എത്തിയതെന്നും സ്ഥാനാർത്ഥികളും പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.
പ്രധാന മണ്ഡലങ്ങളിൽ പരമ്പരാഗത പരസ്യങ്ങൾക്കോ പ്രചാരണ പ്രവർത്തനങ്ങൾക്കോ പാർട്ടി പണം ചെലവഴിച്ചില്ലെന്ന് വൺ നേഷന് വേണ്ടി പ്രവർത്തിച്ച ഒരു മുൻ ലിബറൽ പ്രചാരകൻ വിമർശിച്ചു. എന്നാൽ, വിക്ടോറിയൻ ഇലക്ടറൽ കമ്മീഷനിൽ നിന്ന് മുൻകൂർ പൊതുഫണ്ടായി തങ്ങൾക്ക് 87,000 ഡോളർ മാത്രമാണ് ലഭിച്ചതെന്നും ലേബർ പാർട്ടിക്ക് 12 ദശലക്ഷം ഡോളറും ലിബറലുകൾക്ക് 10 ദശലക്ഷം ഡോളറും ലഭിച്ച സാഹചര്യത്തിൽ വലിയ ചെലവുകൾ സാധ്യമായിരുന്നില്ലെന്നും മുതിർന്ന വൺ നേഷൻ വൃത്തങ്ങൾ വ്യക്തമാക്കി. നിലവിലുള്ള ഭരണകക്ഷികളെ സഹായിക്കുന്ന സംവിധാനമാണിതെന്നും അവർ ആരോപിച്ചു. അതേസമയം, ജനങ്ങൾക്ക് ഒരു യഥാർത്ഥ ബദൽ നൽകാൻ സാധിച്ചത് തിരഞ്ഞെടുപ്പിലെ വിജയമാണെന്ന് പോളിൻ ഹാൻസൺ പ്രതികരിച്ചു.
പാർട്ടിയുടെ നയരൂപീകരണ രീതിക്കെതിരെ ദാതാക്കളും രംഗത്തെത്തിയിട്ടുണ്ട്. നയങ്ങളുടെ സാമ്പത്തിക ചെലവ് കണക്കാക്കണമെന്ന് (Policy costing) സംസ്ഥാന നേതാവ് വാറൻ പിക്കറിംഗിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നേതൃത്വം അത് നിരസിച്ചതായി പാർട്ടി ഫണ്ട് റൈസിംഗ് ഗ്രൂപ്പ് അംഗവും ടാക്സ് അഡ്വൈസറുമായ ഇയാൻ മക്കെൻസി വെളിപ്പെടുത്തി. വരും തിരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ പാർട്ടിയുടെ സംഘടനാ സംവിധാനങ്ങൾ ഉടച്ചുവാർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്നതിനായി തിങ്കളാഴ്ച പോളിൻ ഹാൻസൺ, സൗത്ത് ഓസ്ട്രേലിയൻ എംപി കോറി ബെർണാഡി, വാറൻ പിക്കറിംഗ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥാനാർത്ഥികളുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്.

