മെൽബൺ: വിക്ടോറിയയിൽ വീടുകയറി ബേസ്ബോൾ ബാറ്റ് കൊണ്ട് ക്രൂരമായി ആക്രമിക്കപ്പെട്ട വൺ നേഷൻ പാർട്ടി പ്രവർത്തകനെ ആശുപത്രിയിൽ സന്ദർശിച്ച പാർട്ടി നേതാവ് പൗളിൻ ഹാൻസൻ സംഭവത്തെ ശക്തമായി അപലപിച്ചു. ഗീലോങ് ആശുപത്രിയിലെത്തി പരിക്കേറ്റ അറുപതുകാരനെയും കുടുംബത്തെയും കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അവർ വികാരാധീനയായി.
“മുഖം വീർത്ത് ആളെ തിരിച്ചറിയാൻ പോലും കഴിയാത്ത വിധത്തിലാണ് അദ്ദേഹമുള്ളത്. മുഖത്തെ എല്ലാ ഭാഗങ്ങളിൽ നിന്നും രക്തം വന്നിരുന്നു. തലച്ചോറിലെ രക്തസ്രാവം ആഴത്തിലേക്ക് പടരുന്നതിനാൽ അദ്ദേഹം ഇപ്പോഴും കർശന നിരീക്ഷണത്തിലാണ്,” പൗളിൻ ഹാൻസൻ മാധ്യമങ്ങളോട് പറഞ്ഞു. തന്നെയും പാർട്ടിയെയും പിന്തുണയ്ക്കുന്നവർക്ക് നേരെ ഇത്തരം മൃഗീയമായ ആക്രമണം ഉണ്ടായത് താങ്ങാനാകുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇദ്ദേഹം അബോധാവസ്ഥയിൽ കിടക്കുമ്പോൾ അക്രമികൾ കാറും അടിച്ചുതകർത്തതായി അവർ വെളിപ്പെടുത്തി. കുടുംബത്തെ സഹായിക്കുന്നതിനായുള്ള ക്രൗഡ് ഫണ്ടിങ് ലിങ്കും പരിക്കുകളുടെ ചിത്രവും അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾക്കെതിരെ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി കർശന നടപടി സ്വീകരിക്കണമെന്ന് പൗളിൻ ഹാൻസൻ ആവശ്യപ്പെട്ടു. രാജ്യത്തെ നിയമങ്ങൾ പാലിക്കാത്ത വിദേശ പൗരന്മാരാണെങ്കിൽ അവരെ ഉടനടി നാടുകടത്തണമെന്നും അവർ തുറന്നടിച്ചു.
നേരത്തെ, രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ സന്നദ്ധപ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചുവിടുന്നത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്ന് വിക്ടോറിയ പ്രീമിയർ ബെൻ കരോളും പ്രതിപക്ഷ നേതാവ് ജെസ് വിൽസണും പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു. പ്രചാരണ ബോർഡുകൾ നശിപ്പിച്ചത് ചോദ്യം ചെയ്തതിനാണ് ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ 37-കാരനായ പ്രതിയെ പോലീസ് റിമാൻഡ് ചെയ്തിട്ടുണ്ട്.

