തിരുവനന്തപുരം: കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹത്തിലെ പ്രായം സംബന്ധിച്ച തർക്കത്തിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ നാളെ ദേശീയ എസ്‌സി-എസ്ടി കമ്മീഷന് മുമ്പാകെ നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നേരത്തെ കമ്മീഷന്‍ നൽകിയ നിർദ്ദേശപ്രകാരമാണ് ഡിജിപി ഹാജരാകുന്നത്.
പെൺകുട്ടിക്ക് പ്രായപൂർത്തിയാകുന്നതിന് മുൻപ് വിവാഹം നടത്തിയെന്ന് ആരോപിച്ച് മാതാപിതാക്കൾ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മധ്യപ്രദേശ് പോലീസ് പെൺകുട്ടിയുടെ ഭർത്താവിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു.എന്നാൽ, പെൺകുട്ടി ഹാജരാക്കിയ ജനന രേഖകൾ പരിശോധിച്ചപ്പോൾ അവൾക്ക് പ്രായപൂർത്തിയായതായി കണ്ടെത്തിയെന്ന് ഡിജിപി കമ്മീഷനെ അറിയിക്കും. അതേസമയം, മാതാപിതാക്കൾ ഹാജരാക്കിയ ആശുപത്രി രേഖകൾ പ്രകാരം പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നാണ് മധ്യപ്രദേശ് പോലീസിന്റെ കണ്ടെത്തൽ.
പെൺകുട്ടിയുടെ പിതാവ് നേരത്തെ തിരുവനന്തപുരത്തെ തമ്പാനൂര്‍ പോലീസിലും പരാതി നൽകിയിരുന്നു. രണ്ട് സ്ഥലങ്ങളിലെയും രേഖകളിലെ വൈരുദ്ധ്യമാണ് കേസിൽ പ്രധാനമായിരിക്കുന്നത്.വിഷയത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ ഡിജിപിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്

