തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ടവർക്ക് അടിയന്തരവും വിദഗ്ധവുമായ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. സ്ഫോടനത്തിൽ പരിക്കേറ്റവരുടെ നില അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ.
മുണ്ടത്തിക്കോട് പനങ്ങാംപറമ്പ് മേഖലയിൽ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന പുരയിലാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽ മൂന്ന് പേർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകുന്നതിനായി പ്രത്യേക മെഡിക്കൽ സംഘത്തെ സജ്ജമാക്കാൻ മെഡിക്കൽ കോളേജ് അധികൃതർക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
സ്ഫോടനത്തിന്റെ ആഘാതത്തിൽ വെടിക്കെട്ട് പുര പൂർണ്ണമായും തകരുകയും സമീപത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കിലോമീറ്ററുകളോളം ദൂരത്തിൽ സ്ഫോടന ശബ്ദം കേട്ടതായാണ് നാട്ടുകാർ പറയുന്നത്. സ്ഫോടനത്തെ തുടർന്ന് സ്ഥലത്ത് വൻ തീപിടുത്തമുണ്ടായെങ്കിലും അഗ്നിശമന സേന ഉടൻ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാനദണ്ഡങ്ങൾ പാലിച്ചാണോ വെടിക്കെട്ട് പുര പ്രവർത്തിച്ചിരുന്നത് എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

