തൃശ്ശൂർ വെടിക്കെട്ട് പുര സ്ഫോടനം;എല്ലാ സംവിധാനങ്ങളും സജ്ജമാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

തൃശ്ശൂർ: മുണ്ടത്തിക്കോട് പനങ്ങാംപറമ്പിൽ വെടിക്കെട്ട് നിർമ്മാണ ശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരണസംഖ്യ 13 ആയി ഉയർന്നു. ഇന്ന് ഉച്ചയ്ക്ക് 2:30-ഓടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മരിച്ചവരിൽ തൊഴിലാളികളും ലൈസൻസിയും ഉൾപ്പെടുന്നതായാണ് പ്രാഥമിക വിവരം. പരിക്കേറ്റ നാൽപ്പതോളം പേർ തൃശ്ശൂർ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽ അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.

സംഭവത്തെ തുടർന്ന് സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. ചീഫ് സെക്രട്ടറിയുമായി സംസാരിച്ച മുഖ്യമന്ത്രി, രക്ഷാപ്രവർത്തനവും ചികിത്സയും ഏകോപിപ്പിക്കാൻ പ്രത്യേക സംവിധാനം ഒരുക്കാൻ ഉത്തരവിട്ടു. പൊള്ളലേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാൻ ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ള വിദഗ്ധ ഡോക്ടർമാരുടെ സേവനം തേടുമെന്നും അദ്ദേഹം അറിയിച്ചു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

തൃശ്ശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനായി വെടിക്കെട്ട് സാമഗ്രികൾ ഒരുക്കുന്ന പുരയിലാണ് അപകടമുണ്ടായത്. ഏപ്രിൽ 24-ന് നടക്കേണ്ട സാമ്പിൾ വെടിക്കെട്ടിനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് സ്ഫോടനമുണ്ടായത്. കിലോമീറ്ററുകളോളം ദൂരത്തിൽ പ്രകമ്പനം സൃഷ്ടിച്ച സ്ഫോടനത്തിൽ വെടിക്കെട്ട് പുര പൂർണ്ണമായും തകർന്നു. രക്ഷാപ്രവർത്തനത്തിനിടെ രണ്ടാമതും സ്ഫോടനമുണ്ടായത് പരിഭ്രാന്തി പരത്തി. ഫയർ ഫോഴ്സ്, പോലീസ്, റവന്യൂ വകുപ്പുകൾ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും കനത്ത ചൂട് അപകടത്തിന് കാരണമായോ എന്ന് അധികൃതർ പരിശോധിച്ചുവരികയാണ്. ആരോഗ്യ മന്ത്രി വീണാ ജോർജ് ആശുപത്രികളിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി

Leave a Reply

Your email address will not be published. Required fields are marked *