പെർത്ത്: വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ നിർമ്മിത ബുദ്ധി (AI) അധിഷ്ഠിത ക്യാമറകൾ നിയമലംഘനമായി കണ്ടെത്തിയ ആയിരക്കണക്കിന് കേസുകൾ അപ്പീലിലൂടെ റദ്ദാക്കി. ഇതോടെ ഏകദേശം 2.2 ദശലക്ഷം ഡോളറിന്റെ (ഏകദേശം 12 കോടി രൂപ) പിഴയാണ് അധികൃതർക്ക് ഒഴിവാക്കി നൽകേണ്ടി വന്നത്. ക്യാമറകളുടെ പ്രവർത്തനം വിവാദത്തിലായതോടെ ഇവ താൽക്കാലികമായി നിർത്തണമെന്ന സമ്മർദ്ദം ശക്തമായെങ്കിലും, കൂടുതൽ എ.ഐ ക്യാമറകൾ സ്ഥാപിക്കാനാണ് സർക്കാരിന്റെ നീക്കം.
സീറ്റ് ബെൽറ്റ് ധരിക്കാത്തതോ തെറ്റായ രീതിയിൽ ധരിച്ചതോ ആയ കുറ്റങ്ങൾക്കാണ് കഴിഞ്ഞ ആറുമാസത്തിനിടെ 54,000-ത്തിലധികം ഡ്രൈവർമാർക്ക് പിഴ ലഭിച്ചത്. ഒക്ടോബറിൽ പദ്ധതി ആരംഭിച്ചത് മുതൽ ഇതുവരെ 10 ദശലക്ഷം ഡോളർ പിഴയായി ഈടാക്കി കഴിഞ്ഞു. എന്നാൽ, ക്യാമറകൾ കൃത്യമായ പരിശോധനയില്ലാതെയാണ് പിഴ ചുമത്തുന്നതെന്ന പരാതിയുമായി ഡ്രൈവർമാർ രംഗത്തെത്തി. പെർത്ത് സ്വദേശിയായ സ്റ്റീവൻ ഷാ ഇതിന് ഉദാഹരണമാണ്. രണ്ട് മാസത്തിനിടെ തന്റെ വാഹനത്തിലെ യാത്രക്കാരൻ സീറ്റ് ബെൽറ്റ് ശരിയായി ധരിച്ചില്ലെന്ന് കാട്ടി നാല് തവണയാണ് ഇദ്ദേഹത്തിന് പിഴ ലഭിച്ചത്. 2000 ഡോളർ പിഴയും 20 ഡിമെറിറ്റ് പോയിന്റും ലഭിച്ചതോടെ ഇദ്ദേഹത്തിന്റെ ലൈസൻസും തൊഴിലും ഭീഷണിയിലായി. നാല് മാസത്തെ നിയമപോരാട്ടത്തിനൊടുവിൽ ഇതിൽ മൂന്ന് പിഴകൾ അധികൃതർ പിൻവലിച്ചു.
ഷായെപ്പോലെ 2800-ഓളം ഡ്രൈവർമാരാണ് അപ്പീലിലൂടെ പിഴ ഒഴിവാക്കിയെടുത്തത്. പലപ്പോഴും ഒന്നിലധികം തവണ പിഴ ചുമത്തപ്പെടുമ്പോഴാണ് ഡ്രൈവർമാർ പോലും തങ്ങൾക്കെതിരെ നടപടി വന്ന വിവരം അറിയുന്നത്. സ്പീഡ് പരിശോധനയ്ക്കും ഫോൺ ഉപയോഗം കണ്ടെത്താനും എ.ഐ ക്യാമറകൾ അനുയോജ്യമാണെങ്കിലും സീറ്റ് ബെൽറ്റ് പരിശോധനയിൽ ഇവയ്ക്ക് പിഴവ് സംഭവിക്കുന്നുണ്ടെന്നാണ് ഡ്രൈവർമാരുടെ പക്ഷം.
എന്നാൽ ക്യാമറകളുടെ കുറ്റമല്ല ഇതെന്നും കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഡ്രൈവർമാർ ആവർത്തിച്ച് നിയമലംഘനം നടത്തുന്നതിനാലാണ് കൂടുതൽ പിഴകൾ വരുന്നതെന്നുമാണ് വെസ്റ്റേൺ ഓസ്‌ട്രേലിയ പ്രീമിയർ റോജർ കുക്കിന്റെ നിലപാട്. അടുത്ത ആറുമാസത്തിനുള്ളിൽ കൂടുതൽ ക്യാമറകൾ നിരത്തിലിറക്കാനാണ് സർക്കാർ തീരുമാനം. എന്നാൽ നിലവിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാതെ ക്യാമറകൾ സ്ഥാപിക്കരുതെന്ന് പ്രതിപക്ഷ നേതാവ് ബേസിൽ സെമ്പിലാസ് ആവശ്യപ്പെട്ടു. സർക്കാർ സംവിധാനം കുറ്റമറ്റതല്ലെന്നും ഡ്രൈവർമാരെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നത് നിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

